കോട്ടയം: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും. ഇന്ന് വൈകീട്ട് കോട്ടയം പുതുപ്പള്ളി സെന്റ് കത്തീഡ്രല്‍ പള്ളിയില്‍ വെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. നേരത്തെ ബംഗലുരുവില്‍ വെച്ച് നടത്തിയ പൊതു ദര്‍ശനത്തില്‍ സിദ്ധരാമയ്യയും മറ്റ് പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിരുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാവിലെ കൊച്ചിയിലെത്തിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്കായി ഉച്ചയോടെ കോട്ടയത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളും, വിവിധ ദേശീയ നേതാക്കളും നേരത്തെ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര കോട്ടയം ഡി.സി.സിയിലെത്തി. സമാനതകളില്ലാത്ത യാത്രയയപ്പാണ് കേരള ജനത തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് നല്‍കുന്നത്. ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ നിന്ന് ആരംഭിച്ച വിലാപ യാത്ര ഇന്ന് പത്തരയോടെയാണ് കോട്ടയം ഡി.സി.സി ഓഫീസിലേക്കെത്തിയത്. തിരക്കിനെ തുടര്‍ന്ന് ഡി.സി.സിയിലെ പൊതുദര്‍ശനം പത്ത് മിനുട്ടായി കുറച്ചിട്ടുണ്ട്.
ഇവിടെ നിന്ന് തിരുനക്കര മൈതാനിയിലേക്ക് മൃതദേഹം കൊണ്ട് പോകും. തുടര്‍ന്ന് ഇവിടെ വെച്ച് പൊതുദര്‍ശനവും നടക്കും. തിരക്ക് മുന്നില്‍ കോട്ടയം ടൗണില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ടായിരം പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.