അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടി. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് നിയമോപദേശം തേടിയത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികള്‍ പൊലീസിന് ഇന്ന് ലഭിച്ചിരുന്നു.
ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
”ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്”- വിനായകന്റെ പരാമര്‍ശം.