‘ഓട്ടം തികച്ചു, വിശ്വാസം കാത്തു’, ആള്‍ക്കൂട്ടത്തെ തനിച്ചാക്കി നായകന്‍ മടങ്ങി; യാത്രയാക്കി ജനമഹാസാഗരം

കോട്ടയം: ‘ഞാൻ നല്ല പോര്‍ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു’- ബൈബിള്‍ വാചകത്തെ അന്വര്‍ഥമാക്കി, തന്റെ ജനത്തെയും അനുയായികളെയും തനിച്ചാക്കി ജനനായകൻ മടങ്ങി.
ചെയ്ത പ്രവൃത്തികള്‍ ഇവിടെ ബാക്കിയായി, അതിലെ നന്മകള്‍ ബാക്കിയായി, അങ്ങനെ ആ ജനതയുടെ മനസ്സില്‍ അനശ്വരനായി…; പ്രിയനേതാവ് ഉമ്മൻ ചാണ്ടിക്ക് കേരളം വിടനല്‍കി. ജനലക്ഷങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കുഞ്ഞൂഞ്ഞിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഇനി അന്ത്യവിശ്രമം.

രാത്രി ഒമ്ബത് മണിയോടെ ആരംഭിച്ച സംസ്കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും ചടങ്ങില്‍ പങ്കെടുത്തു. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതൻമാരും അന്ത്യചടങ്ങിന്റെ ഭാഗമായി.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ജൻമനാട്ടിലേക്കെത്തിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പുതുപ്പള്ളി സങ്കടക്കടലായി. 35 മണിക്കൂറോളം നീണ്ട ആ വികാരഭരിതമായ യാത്ര ഉമ്മൻ ചാണ്ടിക്ക് കേരളം നല്‍കിയ സ്നേഹത്തിന്റെ നേര്‍സാക്ഷ്യമായി. കുഞ്ഞൂഞ്ഞ് ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ പുതുപ്പള്ളിക്കാര്‍ നിറകണ്ണുകളോടെ പ്രിയ നേതാവിന് വിടചൊല്ലി.

പ്രതീക്ഷയോടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ പുതുപ്പള്ളിയിലെ ആ വീട്ടിലേക്ക് ഇന്ന് ദുഃഖം തിരയടിക്കുന്ന മനസ്സോടെയാണ് ജനസാഗരം ഒഴുകിയെത്തിയത്. ജനങ്ങളാല്‍ തിങ്ങിനിറഞ്ഞ വീഥിയിലൂടെ അവസാനമായി തറവാടായ കരോട്ട് വള്ളക്കാലിലേക്കെത്തിയ ഉമ്മൻ ചാണ്ടിയെ കുടുംബവും അണികളും നാട്ടുകാരും കണ്ണീരിലലിഞ്ഞ സ്നേഹാദരങ്ങളോടെ സ്വീകരിച്ചു. തറവാട്ടു വീട്ടിലെ പ്രാര്‍ഥനകള്‍ക്കുശേഷം വൈകീട്ട് ഏഴോടെ പുതുതായി പണിയുന്ന വീട്ടില്‍ നടന്ന പൊതുദര്‍ശനത്തിനും നാനാഭാഗങ്ങളില്‍നിന്നായി ആളുകള്‍ ഒഴുകിയെത്തി. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരുനോക്കുകാണാനുള്ള അവസരം എല്ലാവര്‍ക്കും നല്‍കിയശേഷം രാത്രി എട്ടരയോടെയാണ് വിലാപയാത്ര പള്ളിയിലേക്ക് നീങ്ങിയത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഏഴരയോടെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവരുന്നത് വരെ ഒരുമണിക്കൂറോളം കാത്തിരുന്ന് വിലാപയാത്രയ്ക്കൊപ്പമാണ് രാഹുല്‍ സംസ്കാര ചടങ്ങുകള്‍ നടക്കുന്നിടത്തേക്ക് എത്തിയത്. രാഹുലിനെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ. ബാലഗോപാല്‍, വി.എൻ. വാസവൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ തുടങ്ങിയവരുമടക്കം പ്രമുഖരുടെ നീണ്ടനിര അന്ത്യോപചാരം അര്‍പ്പിക്കാൻ പള്ളിയിലെത്തി. കുടുംബം വേണ്ടെന്ന് അറിയിച്ചതിനാല്‍ ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്കാരം നടന്നതെങ്കിലും ജനലക്ഷങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി നല്‍കിയ അവിശ്വസനീയ യാത്രയയപ്പ് ബഹുമതികളേക്കാളെല്ലാം മുകളിലായി.

ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുൻനിശ്ചയിച്ചതില്‍നിന്ന് മണിക്കൂറുകളോളം വൈകിയായിരുന്നു അന്ത്യയാത്ര. അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള വലിയ ജനത്തിരക്ക് കണക്കിലെടുത്ത് സംസ്കാര ചടങ്ങ് രാത്രി ഏഴരയ്ക്ക് ശേഷം നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അനിയന്ത്രിതമായി ജനം ഒഴുകിയെത്തിയപ്പോള്‍ ഈ സമയക്രമം വീണ്ടുംതെറ്റി.

തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂര്‍ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര 28 മണിക്കൂറോളം സമയമെടുത്ത് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ സിനിമാ താരങ്ങളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും തിരുനക്കരയിലെത്തി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ചു.

ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ ജനങ്ങളാല്‍ ചുറ്റപ്പെട്ട്, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മൻ ചാണ്ടിക്ക് വിടനല്‍കാൻ എം.സി റോഡിന് ഇരുവശവും ജനസാഗരം മണിക്കൂറുകളോളം വിശ്രമമറിയാതെ കാത്തുനിന്നു. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ വഴിനീളെ പ്രിയ നേതാവിനെ യാത്രയാക്കിയത്. ഉമ്മൻ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങള്‍ നല്‍കിയ ബഹുമതിയായിരുന്നു വഴിയിലുടനീളം ലഭിച്ച വൈകാരികമായ യാത്രയയപ്പ്.

Leave a Reply

Your email address will not be published. Required fields are marked *