കൽപ്പറ്റ: പനമരം പഞ്ചായത്തിൽ ജീവനക്കാരില്ല. നിയമനം നടക്കാത്തതിൽ
ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ഭരണ സമിതി അംഗങ്ങളും ചേർന്ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എൽ.എസ്.ജി.ഡി. ജോയിൻ്റ് ഡയറക്ടർക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രസിഡണ്ട് പി.എം. നസീമ ടീച്ചറുടെയും വൈസ് പ്രസിഡണ്ട് സിനോ പാറക്കാലായുടെയും നേതൃത്വത്തിലാണ് ജോയിൻ്റ് ഡയറക്ടർ ബെന്നി ജോസഫിൻ്റെ ചേംബറിൽ കുത്തിയിരിപ്പ് നടത്തിയത്. വയനാട് ജില്ലയിലെ വലിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് പനമരം ഗ്രാമ പഞ്ചായത്ത്. 23 വാർഡുകളും കൂടുതൽ പ്രദേശങ്ങളും വലിയ ജനസംഖ്യയുമുള്ള പഞ്ചായത്താണ്. ഇതിന് ആനുപാതികമായി സ്റ്റാഫ് പാറ്റേൺ ഇല്ലാത്തതും തപാൽ ബാഹുല്യം ഏറെയുള്ളതുമായ ഈ പഞ്ചായത്തിൽ ദൈനംദിന പ്രവർത്തികൾ താളം തെറ്റിയിരിക്കയാണന്ന് ഭരണസമിതി അംഗങ്ങൾ ആരോപിച്ചു. നിലവിൽ ഗ്രാമ പഞ്ചായത്ത്, ഓഫീസിൽ നിന്നും എൽ.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിംങിൽ നിന്നുമായി പൊതു സ്ഥലംമാറ്റം മുഖേന പത്തോളം പേർ സ്ഥലം മാറി പോകുകയും പകരം ജീവനക്കാരെ നിയമിക്കാത്തതും ഗ്രാമ പഞ്ചായത്ത് ഓഫീസിൻറെ താറുമാറാക്കിയിട്ടുണ്ട്. കൂടുതൽ പ്രൊജക്ടുകൾ ഉള്ള പഞ്ചായത്തായതിനാൽ സമയബന്ധിതമായി പ്രവർത്തികൾ പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ജെ.എസ്, എ.എസ് സീനിയർ ക്ലാർക്ക് പോസ്റ്റുകളിലും ആളില്ലാത്തത് പൊതുവെ സ്റ്റാഫ് കുറവായ പഞ്ചായത്തിൽ വളരെയേരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തൊഴിലുറപ്പ് ഓഫീസ് ,കുടുംബശ്രീ ഓഫീസ് പ്രവർത്തനങ്ങളും എ.എസ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടിലാണ്. പനമരം ഗ്രാമപഞ്ചായത്തിലെ എ.എസ്, ജെ.എസ്, ക്ലാർക്ക് – 2 എന്നീ തസ്തികകളിൽ ജിവനക്കാരില്ല. പ്രസ്തുത പോസ്റ്റുകളിലേക്ക് പകരക്കാരെ നിയമിക്കുക പോലും ചെയ്തിട്ടില്ല. ചില എൽ.ഡി ക്ലാർക്ക് പോസ്റ്റുകളിലേക്ക് നിയമിച്ചതാകട്ടെ ഉടനെതന്നെ രണ്ടോ മൂന്നോ മാസത്തിനകം റിട്ടയർ ചെയ്യേണ്ട വ്യക്തികളെയാണ്. റിട്ടയർ ചെയ്യാനുള്ള ജീവനക്കാരെ ഈ പഞ്ചായത്തിലേക്ക് നിയമിക്കുകയുണ്ടായി. ഇനിയും ഉടനെ റിട്ടയർ ചെയ്യുന്ന ജീവനക്കാരെ ഇവിടേക്ക് നിയമിക്കുമെന്ന് ആശങ്കയുണ്ടന്ന് ഭരണസമിതി അംഗം പരാതിപ്പെട്ടു. ഈ പ്രവണതക്കെതിരെ ശക്തമായ അമർഷവും പ്രതിഷേധവുമായാണ് ഇവർ ജോയിൻ്റ് ഡയറക്ടർക്ക് മുമ്പിൽ കുത്തിയിരുന്ന് സമരം നടത്തിയത്.
ഭരണ സമിതിയുടെ ആവശ്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജോയിൻ്റ് ഡയറക്ടർ ബെന്നി ജോസഫ് പറഞ്ഞു. സമരക്കാരുമായുള്ള ചർച്ചയിൽ എൽ.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി.ജയരാജനും പങ്കെടുത്തു. പഞ്ചായത്തിൻ്റെ മറ്റ് വികസന കാര്യങ്ങളും ചർച്ച ചെയ്തുവെന്ന് ഇവർ പറഞ്ഞു.