18 വയസ്സിനു മുകളിലെ ആധാര്‍: വില്ലേജ് ഓഫീസര്‍ വിവരങ്ങള്‍ പരിശോധിക്കും

കൽപ്പറ്റ: 18 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് ഇനിമുതല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തണമെങ്കില്‍ വില്ലേജ് ഓഫീസര്‍മാരുടെ ഫീല്‍ഡ് റിപ്പോര്‍ട്ട് ആവശ്യമാണ്. 18 വയസ്സ് കഴിഞ്ഞ് ആധാര്‍ എടുക്കുന്ന വ്യക്തി നല്‍കുന്ന തിരിച്ചറിയല്‍ രേഖ അതത് വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് ആധാര്‍ നല്‍കുക. ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങളാണ് വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിക്കുക. ആധാര്‍ എന്റോള്‍മെന്റില്‍ മാറ്റം വരുത്തുന്നതിന്റെ ആദ്യഘട്ടമായി ജില്ലയില്‍ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ആര്‍.ഡി.ഒ ജീവനക്കാര്‍ക്കും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. എ.ഡി.എം എന്‍.ഐ ഷാജു പരിശീലനം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് യു.ഐ.ഡി.എ.ഐ അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍ എസ്.എല്‍. കൃഷ്‌ണേന്ദ് പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനത്തില്‍ ഐ.ടി. മിഷന്‍ ഡി.പി.എം എസ്. നിവേദ്, ഐ.ടി മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *