കല്‍പ്പറ്റ: ചെറിയ ഇടവേളയ്ക്കുശേഷം വയനാട്ടില്‍ കരുത്ത് വീണ്ടെടുത്ത് കാലവര്‍ഷം. വെള്ളിയാഴ്ട വൈകുന്നേരം മുതല്‍ ജില്ലയില്‍ മിക്കയിടങ്ങളിലും തകര്‍ത്തുപെയ്യുകയാണ് മഴ. എന്നാല്‍ ഡക്കാണ്‍ പീഠഭൂമിയോടു ചേര്‍ന്നുള്ളതില്‍ ചില ഭാഗങ്ങളില്‍ ദുര്‍ബലമാണ് കാലവര്‍ഷം. തോടുകളും പുഴകളും നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നു രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറില്‍ മീന്‍മുട്ടി കാപ്പിക്കളത്താണ് ഏറ്റവും ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചത്-154 എംഎം. പുല്‍പ്പള്ളി ചെത്തിമറ്റത്താണ് കുറവ് മഴ രേഖപ്പെടുത്തിയത്-നാല് എംഎം. ജില്ലയില്‍ മീന്‍മുട്ടി കാപ്പിക്കളത്തിനു പുറമേ ഒമ്പത് കേന്ദ്രങ്ങളില്‍ 100 മില്ലി മീറ്ററില്‍ അധികം മഴ പെയ്തതായി ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കാളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു. തേറ്റമല-100 എംഎം, നിരവില്‍പ്പുഴ-105, കുഞ്ഞോം-115, സുഗന്ധഗിരി-115.3, വാളാംതോട് മട്ടിലയം-118, പൊഴുതന മേല്‍മുറി-121.5, മക്കിയാട്-130.2, തരിയോട്-143, കാപ്പിക്കളം-152 എംഎം എന്നിവയാണ് ഉയര്‍ന്ന അളവില്‍ മഴ ലഭിച്ച മറ്റു പ്രദേശങ്ങള്‍. അതിരാറ്റുകുന്ന്-45 എംഎം, കേണിച്ചിറ-90, കാട്ടിക്കുളം ടൗണ്‍-34.4, വാളാട്-83, ലക്കിടി-96, ചെമ്പ്ര-57, തിരുനെല്ലി-79.2, പയ്യമ്പള്ളി-25, പൂതാടി-24.5, ഏച്ചോം-24.4 എംഎം എന്നിങ്ങനെ മഴ ലഭിച്ചു.