ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; മന്ത്രി എം.ബി രാജേഷ്

വെള്ളമുണ്ട: ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ സുന്ദര ഭൂമിയായി മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക സര്‍ക്കാരുകളായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 27.19 ശതമാനം തുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്. തെരുവുനായ ശല്യം രൂക്ഷമാകാനുള്ള കാരണങ്ങളില്‍ ഒന്നാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. ശുചിത്വ പരിപാലനത്തില്‍ ജില്ലയിലെ ബത്തേരി നഗരസഭ ഉദാത്ത മാതൃകയാണ്. തെരുവില്‍ മാലിന്യം നിക്ഷേപിച്ചാല്‍ അവരില്‍ നിന്നും കൂടുതല്‍ തുക പിഴ ഈടാക്കുന്ന നിയമം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് കെട്ടിടത്തിനായി 35 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ തോലന്‍ ആയിഷയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. തോലന്‍ ആയിഷയുടെ കുടംബം സംഭാവന നല്‍കിയ 35 സെന്റിലാണ് പുതിയ ഓഫീസ് നിര്‍മ്മിക്കുന്നത്. 1.94 കോടി രൂപ വിനിയോഗിച്ച് മൂന്ന് നിലകളിലായാണ് നിര്‍മ്മാണം. ബാണാസുര ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. പൊരുന്നന്നൂര്‍, വെള്ളമുണ്ട എന്നീ വില്ലേജുകളാണ് പഞ്ചായത്ത് പരിധിയിലുള്ളത്. 97 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടത്തുക.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജുനൈദ് കൈപ്പാണി, കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. കല്യാണി, ബാലന്‍ വെള്ളരിമ്മേല്‍, പി.കെ അമീന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ സി.എം അനില്‍കുമാര്‍, സീനത്ത് വൈശ്യന്‍, ഇ.കെ സല്‍മത്ത് തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബീന വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *