തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ ചെയ്തത് 97 താല്‍ക്കാലിക ബാച്ചുകള്‍. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുക്കും. ശിപാര്‍ശ ചെയ്ത ബാച്ചുകളില്‍ പകുതിയോളം മലപ്പുറം ജില്ലയിലേക്കാണ്.
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാൻ അടിസ്ഥാന സൗകര്യമുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ അഭാവത്തില്‍ എയ്ഡഡ് സ്കൂളുകളെയും പരിഗണിക്കുന്നുണ്ട്. ഇതിന് മലപ്പുറം, കോഴിക്കോട് ആര്‍.ഡി.ഡിമാരില്‍നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചത്. ഡയറക്ടറുടെ ശിപാര്‍ശയിലാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാനുള്ള ഫയല്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക് അയച്ചതും മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നതും.
രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോഴും മലബാറില്‍ 15,784 പേര്‍ക്ക് സീറ്റ് ലഭിച്ചിട്ടില്ല. ഇതില്‍ 8338 പേര്‍ മലപ്പുറം ജില്ലയില്‍നിന്നാണ്. 30 ശതമാനം ആനുപാതിക സീറ്റ് ഉള്‍പ്പെടെ ബാച്ചില്‍ 65 വീതം കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ 97 ബാച്ച് വഴി 6305 സീറ്റ് കൂടി പ്രവേശനത്തിനു ലഭിക്കും.
ഈ വര്‍ഷത്തെ പ്രവേശനത്തിന് മാത്രമായാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നത്.അതേസമയം, 2021ല്‍ അനുവദിച്ച 79 താല്‍ക്കാലിക ബാച്ചുകളും 2022ല്‍ അനുവദിച്ച രണ്ട് ബാച്ചും ആ വര്‍ഷത്തേക്ക് മാത്രമായിരുന്നെങ്കിലും സീറ്റ് ക്ഷാമം മുൻനിര്‍ത്തി ഇപ്പോഴും തുടരുകയാണ്.