തിരുവനന്തപുരം: ഓണം പടിവാതില്‍ക്കല്‍. അവശ്യ സാധനങ്ങള്‍ക്ക് തീവില. മാര്‍ക്കറ്റില്‍ ഇടപെടണം. ക്ഷേമ പെൻഷൻ കൊടുക്കണം. ശമ്ബളം, അഡ്വാൻസ്, ഉത്സവബത്ത, പെൻഷൻ… ഒന്നിനും കാശില്ലാതെ വട്ടംചുറ്റുന്ന സര്‍ക്കാര്‍ 10,000 കോടിയുടെ അഡ്ഹോക് വായ്പയ്ക്ക് (അനുവദിച്ച പരിധിയും കഴിഞ്ഞുള്ളത്) കേന്ദ്രാനുമതി തേടി. ഓണമല്ലേ, അംഗീകരിക്കും എന്ന പ്രതീക്ഷയില്‍.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വാര്‍ഷിക വായ്പാ പരിധി. ഒരു ശതമാനം അധികമാണ് കേരളത്തിന്റെ ആവശ്യം. നല്‍കാനുള്ള വിഹിതത്തില്‍ നിന്ന് പിന്നീട് തിരിച്ചുപിടിക്കാം. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടില്ലാത്തതിനാല്‍ കേന്ദ്രം വഴങ്ങുമെന്നാണ് പ്രതീക്ഷ. പതിനൊന്ന് ലക്ഷം കോടി രൂപയാണ് നമ്മുടെ ആഭ്യന്തര ഉത്പാദനം.
കേന്ദ്ര വിഹിതം കുടിശ്ശികയില്ലാതെ നല്‍കണം, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ സഹായം നല്‍കണം എന്നീ ആവശ്യങ്ങള്‍ കേരളം നേരത്തേ പലതവണ ഉന്നയിച്ചിട്ടുണ്ട്. ഡിസംബര്‍ വരെ 15,390 കോടിയുടെ വായ്പയ്ക്കാണ് കേരളത്തിന് അനുമതി. ഇതില്‍ 12500 കോടിയും എടുത്തുകഴിഞ്ഞു. ശേഷിക്കുന്നത് വെറും 2890 കോടി. ഇതുകൊണ്ട് ഓണാവശ്യങ്ങള്‍ നിറവേറ്റാനാകില്ല. ശമ്ബളത്തിനും പെൻഷനുകള്‍ക്കുമായി വേണം 7,000 കോടി.
സര്‍ക്കാര്‍ സഹായിച്ചാലേ സപ്ളൈകോയില്‍ ഓണക്കച്ചവടം നടക്കൂ. നെല്ല് സംഭരിച്ചതിലെ കുടിശ്ശിക തീര്‍ക്കാനുമുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ ഓണ ശമ്ബളം മുടങ്ങാതെയും നോക്കണം. ഓണക്കിറ്റ് സംബന്ധിച്ച് ഇതുവരെ മിണ്ടാട്ടമില്ലെങ്കിലും, ബി.പി.എല്‍ കുടുംബങ്ങള്‍ക്കെങ്കിലും കൊടുക്കേണ്ടിവരും.
സപ്ളൈകോ പ്രതിസന്ധി
മാവേലി സ്റ്റോറുകളില്‍ ആകെയുള്ളത് അരിയും എണ്ണയും
13 ഇനങ്ങളാണ് ഓണത്തിന് വിലകുറച്ച് വില്‍ക്കാറുള്ളത്
സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 1432 കോടി
സാധന വിതരണക്കാര്‍ക്കുള്ള കുടിശ്ശിക 400 കോടി
കുടിശ്ശിക തീര്‍ക്കാതെ ടെൻഡറിന് ഇവര്‍ തയ്യാറല്ല
മാര്‍ക്കറ്റിനെക്കാള്‍ 20% വിലക്കുറവുണ്ട് സപ്ലൈകോയില്‍
ഓണവിപണിക്ക്
വേണം 1500 കോടി
ഓണച്ചന്തകള്‍ തുറക്കാൻ 1500 കോടി രൂപ വേണമെന്ന സപ്ലൈകോയുടെ ആവശ്യം ഭക്ഷ്യവകുപ്പ് സര്‍ക്കാരിന് കൈമാറി. ജില്ലാ, താലൂക്ക് കേന്ദ്രങ്ങള്‍ക്കു പുറമെ നിയോജക മണ്ഡലാടിസ്ഥാനത്തിലും കഴിഞ്ഞ വര്‍ഷം ഓണച്ചന്തകള്‍ നടത്തി. ഓണച്ചന്തകള്‍ക്ക് 40 കോടി രൂപയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ആവശ്യം. 25 കോടി രൂപയാണ് ഹോര്‍ട്ടികോര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻ വര്‍ഷങ്ങളില്‍
കിട്ടിയത്
2021: സപ്ലൈകോയ്ക്ക് 70 കോടി, കണ്‍സ്യൂമര്‍ ഫെഡിന് 20 കോടി, ഹോര്‍ട്ടികോര്‍പ്പിന് 18 കോടി
2022: സപ്ലൈകോയ്ക്ക് 400 കോടി (ഓണക്കിറ്റിന്), കണ്‍സ്യൂമര്‍ ഫെഡിന് 16 കോടി, ഹോര്‍ട്ടികോര്‍പ്പിന് 14.5 കോടി.