ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തിന്‍റെ തീവ്രത വ്യക്തമാക്കി സാറ്റലൈറ്റ് ചിത്രങ്ങള്‍. ഏറ്റവും കൂടുതല്‍ തീവെപ്പുകള്‍ നടന്നത് ചുരാചാന്ദ്പൂരിലും ബിഷ്ണുപൂരിലുമാണ്. നിരവധി കുക്കി, മെയെതെയ് ഗ്രാമങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. വീടുകളും സ്കൂളുകളും ആരാധനാലയങ്ങളും അഗ്നിക്കിരയായി. സാറ്റലൈറ്റ് ചിത്രങ്ങള്‍ മീഡിയവണിന് ലഭിച്ചു.
അതിനിടെ മണിപ്പൂരില്‍ കുകി വിഭാഗത്തിലെ രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പേരാണ്. കഴിഞ്ഞ ദിവസം ചുരാചന്ദ്പൂര്‍ – ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. മണിപ്പൂരില്‍ ഇതുവരെ 27 കുകി-സോമി വനിതകള്‍ കൊല്ലപ്പെട്ടതായി വിവിധ കുകി സംഘടനകള്‍ അറിയിച്ചു.
മണിപ്പൂര്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നലെയും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തി മണിപ്പൂരിലെ സ്ഥിതി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സഭയ്ക്ക് പുറത്ത് സംസാരിക്കാൻ അറിയുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സഭയ്ക്ക് ഉള്ളില്‍ സംസാരിക്കുന്നില്ല എന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യയെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ചോദിച്ചു.