കോട്ടയം: പ്രതിസന്ധിയില്‍ വലയുന്ന കെ.എസ്.ആര്‍.ടി.സിക്കു ജീവശ്വാസമായി ഉല്ലാസയാത്രകള്‍. മധ്യവേനല്‍ അവധിക്കാലത്തെ ഉല്ലാസ യാത്രകള്‍ വമ്പൻ ഹിറ്റായതിന്റെ ആശ്വാസത്തിലാണു കെ.എസ്.ആര്‍.ടി.സി. കെ.എസ്.ആര്‍.ടി.സിയിലെ ജില്ലാ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ -മേയ് മാസങ്ങളില്‍ നടത്തിയ ഉല്ലാസ യാത്രയില്‍ വരുമാനമായി ലഭിച്ചത് 15,66,013 രൂപയാണ്.
ജില്ലയില്‍ കൂടുതല്‍ വരുമാനം നേടിയത് പാലാ യൂണിറ്റ് ആണ്. ഏപ്രിലില്‍ 2,95,700 രൂപയും മേയില്‍ 3,17730 രൂപയും അടക്കം 6,13,430 രൂപയാണ് പാലാ യൂണിറ്റിനു കിട്ടിയത്. കോട്ടയം യൂണിറ്റാണു രണ്ടാം സ്‌ഥാനത്ത്. ഏപ്രിലില്‍ 2,67,672 രൂപയും മേയില്‍ 3,03,560 രൂപയുമടക്കം 5,71,232 രൂപ കോട്ടയം യൂണിറ്റ് നേടി. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാലാ യൂണിറ്റുകളില്‍ നിന്നായി 48 യാത്രകളാണു ക്രമീകരിച്ചത്. 2010 യാത്രക്കാര്‍ പങ്കെടുത്തു. മൂന്നാര്‍, അഞ്ചുരുളി, ഗവി, മാമലകണ്ടം, മലക്കപാറ, മണ്‍റോതുരുത്ത് യാത്രകളാണ് കൂടുതല്‍ നടത്തിയത്. ഇതുകൂടാതെ കോട്ടയം, ചങ്ങനാശേരി യൂണിറ്റുകളില്‍നിന്നായി കപ്പല്‍ യാത്രയും ഒരുക്കിയിരുന്നു. യാത്രക്കാരെ ബസുകളില്‍ എറണാകുളത്തെത്തിച്ച് അവിടെ നെഫെര്‍റ്റിറ്റി എന്ന ഫോര്‍സ്‌റ്റാര്‍ സൗകര്യമുള്ള കപ്പലിലായിരുന്നു അഞ്ചു മണിക്കൂര്‍ യാത്ര. കല്യാണാവശ്യങ്ങള്‍ക്കും ബസ് വിട്ടുനല്‍കിയിരുന്നു. നിലവില്‍ ഞായറാഴ്‌ചകളിലാണ് യാത്ര. നിരവധിപേരാണു കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കായി എത്തുന്നത്. മഴക്കാലം ആരംഭിച്ചതോടെ മണ്‍സൂണ്‍യാത്ര ഇഷ്‌ടപ്പെടുന്നവരും കൂടുതലായി എത്തുമെന്നാണു സംഘാടകരുടെ പ്രതീക്ഷ..
കെ.എസ്.ആര്‍.ടി.സി പാക്കേജിലുള്‍പ്പെടാത്ത ഉല്ലാസയാത്രകള്‍ക്കും ട്രിപ്പ് ക്രമീകരിച്ചുനല്‍കും. ആനവണ്ടിയില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതത് യൂണിറ്റുകളെ ബന്ധപ്പെടാം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കപ്പല്‍ യാത്രയില്ല.