ചെന്നൈ: കടുത്ത ചൂടിനിടെ ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ. ചെന്നൈയില്‍ റെക്കോര്‍ഡ് മഴയാണ് ഇന്നലെ രാത്രി പെയ്തത്. ഇതിനെ തുടര്‍ന്ന് പല ജില്ലകളിലും സ്കൂളിന് അവധി പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട പത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു.
ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, വെല്ലൂര്‍, കാഞ്ചീപുരം ജില്ലകളിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെയാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ പെയ്തത്. ചെന്നൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ 140 മില്ലിമീറ്റര്‍ മഴ പെയ്തു. 1996 ന് ശേഷം ജൂണില്‍ ഇത്രയും മഴ ലഭിക്കുന്നത് ഇതാദ്യമാണ്.
മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ പല ഭാഗങ്ങളിലും വെള്ളം കയറി. മരങ്ങള്‍ കടപുഴകി. വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെന്നൈ അടക്കം സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കൊടുംചൂടാണ് അനുഭവപ്പെട്ടിരുന്നത്.