കൃഷ്ണഗിരി മരം മുറി കേസിൽ സർക്കാരിന് മെല്ലെപ്പോക്കെന്ന് ആക്ഷേപം

മീനങ്ങാടി: കൃഷ്ണഗിരി മരം മുറി കേസിൽ സർക്കാർ നടപടി ആവശ്യപ്പെട്ട് മാർച്ച് മാസത്തിൽ വയനാട് കലക്ടർ റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ തുടർ നടപടികളില്ല. ജമഭൂമിയാണന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ഭൂമിയിൽ വീട്ടിമരം മുറിച്ച കേസിലാണ് സർക്കാരിൻ്റെ മെല്ലെപ്പോക്ക്. കൃഷ്ണഗിരി വില്ലേജിൽ നാല് പേർ ചേർന്ന് വിലക്ക് വാങ്ങിയ 18 ഏക്കർ ഭൂമിയിൽ നിന്നാണ് 17 വീട്ടിമരങ്ങളും ഒരു വെണ്ടേക്കും മുറിച്ചത്.1995- ന് മുമ്പ് നടന്ന റീസർവേയിൽ ഇത് സർക്കാർ ഭൂമിയായിരുന്നു.ജന്മഭൂമിയാണന്നും പട്ടയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിലക്ക് വാങ്ങിയവർ സർക്കാരിലേക്ക് അപേക്ഷ നൽകിയിരുന്നു. പട്ടയം അനുവദിക്കുന്നതിന് മുമ്പ് ഭൂമി വിലയും മരവിലയും നിശ്ചയിച്ച് പണം സർക്കാരിലേക്ക് അടക്കണമെന്ന് കാണിച്ച് ഭൂവുടമകളായ നാല് പേർക്ക് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഭൂവിലയിലും മരവിലയിലും കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾ ഹൈക്കോടതി കേസും നൽകി. ഹൈക്കോടതിയിൽ നിലവിലിരിക്കെയാണ് മരം മുറി നടന്നത്. മരംമുറിക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ച റവന്യൂ വകുപ്പ് ഭൂരേഖയിൽ വ്യക്തതക്ക് വേണ്ടിയും തുടർ നടപടികൾക്ക് വേണ്ടിയുമാണ് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയത്. പോലീസ്, റവന്യു, രജിസ്ട്രേഷൻ, സർവ്വേ തുടങ്ങി നാല് വകുപ്പുകളുമായി ബന്ധപ്പെട്ട കേസായതിനാൽ വിശദമായ തീരുമാനമുണ്ടാകാതെ റവന്യൂ വകുപ്പിന് തുടർ നടപടി സ്വീകരിക്കാനാവില്ല. 2023 മാർച്ച് മാസത്തിൽ വയനാട് കലക്ടർ സംസ്ഥാന ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടും ഇതു വരെയും മറുപടിയില്ലാത്തതിനെതിരെയാണ് ഇപ്പോൾ പുതിയ പശ്ചാതലത്തിൽ ആക്ഷേപമുയരുന്നത്. നിലവിൽ ഉടമകൾക്ക് പട്ടയം കിട്ടാതിരിക്കെ സർക്കാർ ഭൂമിയിൽ നിന്ന് വീട്ടിമരങ്ങൾ മുറിച്ച ഗൗരവമുള്ള കേസായിട്ടും സർക്കാരിൻ്റെ അലംഭാവത്തിനെതിരെയാണ് വിമർശനമുയരുന്നത്. അതേ സമയം റീസർവ്വേയിലെ അപാകതകളാണ് ഇതിന് കാരണമെന്ന് ഭൂവുടമകളും വാദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *