മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂർ, പുളിമൂട് ചെമ്പകമൂല പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. ആലത്തൂർ പുളിമൂടിൽ കഴിഞ്ഞ ദിവസം രാത്രി കാട്ടാന നൂറുകണക്കിന് വാഴകൾ നശിപ്പിച്ചു. കുലച്ച് മൂപ്പെത്താറായവാഴയാണ് ഏറെയും നശിപ്പിച്ചത്. കാട്ടിക്കുളം പുളിമൂടിലെ വാടക്കുഴിയിൽ അനന്തന്റെ 300 വാഴകളാണ് കാട്ടാന കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് സ്ഥലം പാട്ടത്തിനെടുത്താണ് അനന്തൻ വാഴ കൃഷി ചെയ്തത്. ഒരു മാസം കൂടി കഴിഞ്ഞാൽ മൂപ്പെത്തുന്ന കുലകൾ ഉള്ള വാഴകളാണ് ആന നശിപ്പിച്ചത്. എല്ലാ വളവും നൽകിക്കഴിഞ്ഞ വാഴക്ക് നഷ്ടപരിഹാരമായി നാമമാത്ര തുകയാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്നു ലഭിക്കുക. അതും കാലതാമസമുണ്ടാവുമെന്നതിനാൽ കർഷകന് ഒരു വാഴക്ക് 150 രൂപയോളം നഷ്ടമുണ്ടാവും. ബാങ്ക് വായ്പ തിരിച്ചടക്കാൻ മറ്റുമാർഗ്ഗങ്ങൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് കർഷകർ. വനാതിർത്തിയോട് ചേർന്നുള്ള ട്രഞ്ച് നവീകരിക്കാത്തതും കാലഹരണപ്പെട്ടതുമാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കാരണമെന്നും ഇവ ഫലപ്രദമാക്കി വരുംവർഷങ്ങളിലെങ്കിലും വന്ന നഷ്ടം നികത്താൻ സാഹചര്യമൊരുക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.