പാലക്കാട്: തെക്കു പടിഞ്ഞാറൻ മൺസൂൺ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് 35 ശതമാനം മഴകുറവ്. നേരത്തേ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമടക്കമുള്ളവർ സാധാരണ രീതിയിലുള്ള മഴ പ്രവചിച്ചിരുന്നിടത്താണിത്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിലാണ് കാലവർഷത്തിന്റെ സിംഹഭാഗവും പെയ്തുതോരുന്നത്. 1301.7 മില്ലിമീറ്ററാണ് ജൂൺ, ജൂലൈ മാസങ്ങളിൽ ശരാശരി ലഭിക്കേണ്ട മഴയെന്നിരിക്കെ ഇതുവരെ ലഭിച്ചത് 852 മില്ലിമീറ്റർ മാത്രമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. “ഇക്കുറി ജൂലൈ പിന്നിടുമ്പോൾ തെക്കു പടിഞ്ഞാറൻ മൺസൂണിൽ 34 ശതമാനത്തോളം മഴക്കുറവാണ് ഇതുവരെ അനുഭവപ്പെടുന്നത്. ഇടുക്കിയിലാണ് മഴക്കുറവ് ഇക്കുറി രൂക്ഷമായിട്ടുള്ളത് -52 ശതമാനം. തൊട്ടുപിന്നിലുള്ള വയനാട്, ഇടുക്കി ജില്ലകളിൽ 48 ശതമാനമാണ് മഴക്കുറവ്.
മഴക്കുറവിൽ വെട്ടിലാവുന്ന് വൈദ്യുതി വകുപ്പാണ്. റിസർവോയറുകളിലെ വെള്ളം സംരക്ഷിക്കാൻ വിവിധ നടപടികൾ സ്വീകരിച്ച് തുടങ്ങിയതായി വകുപ്പ് അധികൃതർ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള റിസർവോയറുകളിൽ സംഭരണശേഷിയുടെ 36 ശതമാനം മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇടുക്കി ഡാമിൽ സംഭരണശേഷിയുടെ 32 ശതമാനം മാത്രം വെള്ളമാണ് അവശേഷിക്കുന്നത്. കഴിഞ്ഞവർഷം ഈ സമയത്ത് ഡാമിൽ 66 ശതമാനമായിരുന്നു ജലനിരപ്പ്.
ആഗസ്റ്റ് 10 വരെ മഴ മാറിനിന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനങ്ങൾ പറയുന്നു. ആഗസ്റ്റിൽ മുൻ വർഷങ്ങളിൽനിന്ന് വിപരീതമായി ഇക്കുറി കനത്ത മഴക്കുള്ള സാഹചര്യമില്ലെന്ന മുന്നറിയിപ്പും കൂടിയായതോടെ അധികൃതർ പ്രതിസന്ധി മുന്നിൽ കാണുന്നുണ്ട്.