ചെന്നൈ: ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാര്‍ ഇഞ്ചക്ഷൻ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അര്‍ദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിര്‍ണ്ണായക ഘട്ടം. ഓഗസ്റ്റ് 5നായിരിക്കും ഇത്. മുൻ ചന്ദ്രയാൻ ദൗത്യങ്ങളില്‍ ഈ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അനുഭവസമ്ബത്താണ് ഇത്തവണ ഇസ്രൊയുടെ ആത്മവിശ്വാസം കൂട്ടുന്നത്.
നാല് ലക്ഷം കിലോമീറ്ററിന് അടുത്ത് ദൂരമാണ് പേടകം ചന്ദ്ര ഭ്രമണപഥത്തില്‍ എത്താൻ സഞ്ചരിക്കേണ്ടത്. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂളും ലാൻഡറും തമ്മില്‍ വേര്‍പ്പെടും. ആഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാൻസിനസ് യു ഗര്‍ത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡര്‍ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.