കൽപ്പറ്റ: രാജ്യത്തെ ആദ്യ ഗ്രാമീണ ജില്ലാതല ചൈല്‍ഡ് ലൈന്‍ കേന്ദ്രമായ വയനാട് ചൈല്‍ഡ് ലൈന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇടപെട്ടത് കുട്ടികളുമായി ബന്ധപ്പെട്ട 12,953 കേസുകളില്‍. ലൈംഗിക അതിക്രമം, ബാലവേല, ഭിക്ഷാടനം, തെരുവുസര്‍ക്കസ് പ്രകടനം, ബാലാവകാശ സംരക്ഷണം, ശൈശവ വിവാഹം തുടങ്ങിയ വിഷങ്ങളിലായിരുന്നു ഇടപെടലെന്ന് ജില്ലയില്‍ ചൈല്‍ഡ് ലൈന്‍ ചുമതലയുണ്ടായിരുന്ന സന്നദ്ധ സംഘടന ‘ജ്വാല’യുടെ (ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്)എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സി.കെ. ദിനേശന്‍, അഡ്മിനിസ്‌ട്രേറ്റില്‍ ലില്ലി തോമസ്, പ്രവര്‍ത്തകരായ പി.വി. സതീഷ്‌കുമാര്‍, ടി.എ. ലക്ഷ്മണന്‍, റീജ രജിത്, ഡെന്‍സില്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31ന് പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ അനുസരിച്ച് ദേശവ്യാപാകമായി സന്നദ്ധ സംഘടനകള്‍ ചൈല്‍ഡ് ലൈന്‍ ചുമതലയില്‍നിന്നു കഴിഞ്ഞ ദിവസം മുതല്‍ ഒഴിവായി. ഓരോ സംസ്ഥാനത്തും വനിതാ-ശിശുക്ഷേമ വകുപ്പിന്റെയും സി ഡാക്കിന്റെയും നിയന്ത്രണത്തിലായിരിക്കും ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ എന്നു പേരുമാറ്റിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം. എമര്‍ജന്‍സി റെസ്‌പോണ്‍സ് സംവിധാനത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 112 ആണ് കുട്ടികള്‍ സേവനത്തിന് ഇനി ബന്ധപ്പെടേണ്ട നമ്പര്‍. പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നതുവരെ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098 ലേക്ക് വരുന്ന വിളികള്‍ 112ലേക്ക് ലാന്‍ഡ് ചെയ്യിക്കും. വിളികളുടെ പ്രാധാന്യം അനുസരിച്ച് പോലീസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എന്നിവ കുട്ടികള്‍ക്കാവശ്യമായ സേവനം ഉറപ്പുവരുത്തും. അടിയന്തര പ്രാധാന്യമുള്ള വിളികളിലാണ് പോലീസ് ഇടപെടുക.
തെരുവുകുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2002 സെപ്റ്റംബര്‍ 12ന് പ്രവര്‍ത്തനം ആരംഭിച്ചതാണ് വയനാട് ചൈല്‍ഡ് ലൈന്‍. ഇത് പില്‍ക്കാലത്ത് കുടുംബങ്ങളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനവുമായി മാറുകയായിരുന്നു.
ജില്ലയില്‍ ബാലവേലയും കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും ശൈശവ വിവാഹവും ഒരളവോളം ഇല്ലാതാക്കാന്‍ ചൈല്‍ഡ് ലൈന്‍ സംവിധനത്തിനു കഴിഞ്ഞുവെന്ന് ‘ജ്വാല’ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സി.കെ. ദിനേശൻ പറഞ്ഞു.