ന്യൂഡൽഹി: ഹരിയാനയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യു.പിയിലും ഡൽഹിയിലും ജാഗ്രത മുന്നറിയിപ്പ്. സംഘർഷമുണ്ടായ നൂഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാർസന നഗരങ്ങളിലാണ് യു.പിയിൽ പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതിന് പുറമേ സംസ്ഥാനത്തെ 11ഓളം ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ജില്ലകളും ഉൾപ്പെടും. സഹാരൻപൂർ, ഷാമിൽ, ബാഗപാട്ട്, ഗൗതം ബുദ്ധ നഗർ, അലിഗഢ്, മഥുര, ആഗ്ര, ഫിറോസബാദ്, മീററ്റ്, ഹാപുർ, മുസഫർനഗർ തുടങ്ങിയ ജില്ലകൾക്കാണ് പ്രധാനമായും മുന്നറിയിപ്പ്.
ഇതിൽ മഥുരയും അലിഗഢുമാണ് പ്രശ്നബാധിതമായ പ്രദേശമെന്ന് എ.ഡി.ജി രാജീവ് കൃഷ്ണ പറഞ്ഞു. ഹരിയാന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ഡൽഹിയിലെ പ്രദേശങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹ്, സോഹ്ന ജില്ലകളിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായിയിരുന്നു. തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിൽ പള്ളി ആക്രമിച്ച് തീയിട്ട ജനക്കൂട്ടം ഇമാമിനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബാദ്ഷാപൂരിൽ കടകൾ തീയിട്ട് നശിപ്പിച്ചു. ‘ജയ് ശ്രീറാം’ വിളിച്ചെത്തിയവർ കടകൾക്ക് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.