കൽപ്പറ്റ: വനിതാ ശിശുവികസന വകുപ്പും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ മിഷന്റെ മികച്ച സേവനത്തിനുള്ള മാതൃ ശിശു സൗഹൃദ ആശുപത്രി അംഗീകാരം മെഡിക്കല്‍ കോളജിന് ലഭിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ. സമീഹ സൈതലവി, മേപ്പാടി ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി ആരിഫ, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ എന്നിവര്‍ മുലയൂട്ടല്‍ വാരാചരണ സന്ദേശം നല്‍കി.
‘നമുക്ക് മുലയൂട്ടലും ജോലിയും ഒരുമിച്ചു കൊണ്ടുപോകാം’ എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണത്തിന്റെ പ്രമേയം. മുലയൂട്ടുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുക, മുലയുട്ടുന്ന അമ്മമാര്‍ക്ക് പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക, തൊഴിലിടങ്ങളില്‍ മുലയൂട്ടുന്നതിനായി സൗകര്യം ഉറപ്പുവരുത്തുക എന്നിവ മുലയൂട്ടല്‍ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ആഗസ്റ്റ് 7 വരെയാണ് മുലയൂട്ടല്‍ വാരാചരണമായി ആചരിക്കുന്നത്. മുലയൂട്ടലിന്റെ പ്രധാന്യം, തൊഴിലിടങ്ങളില്‍ ക്രഷിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ഡോ. വി.വി സൂരജ്, ഡോ. നീതു ഷാജി എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് സെമിനാര്‍ മോഡറേറ്ററായി.
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ വി. സത്യന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്സത്ത്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ മുഹമ്മദ് മുസ്തഫ, എം.സി.എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ.എന്‍ രമണി തുടങ്ങിയവര്‍ സംസാരിച്ചു.