അമ്പലവയൽ : ജീപ്പിനു മുകളിൽ മുളയുടെ തോട്ടി കെട്ടിവെച്ചു പോയ
കെ എസ് ഇ ബി ജീവനക്കാർക്ക് എ.ഐ ക്യാമറയുടെ വക എട്ടിന്റെപണി . അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനുമുകളിൽ തോട്ടി കെട്ടിവെച്ച് പോകുന്ന ചിത്രം മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ കാമറയിൽ പതിഞ്ഞതോടെയാണ് കെ എസ് ഇ ബി യും കുരുക്കിലായത്. ജീപ്പിനുമുകളിൽ കെട്ടിവെച്ച തോട്ടി പുറത്തേക്ക് തള്ളിനിന്നതാണ് വിനയായത്. ഇതിന് പിഴയായി 20000 രൂപയും, സീറ്റ് ബെൽറ്റിടാത്തതിന് 500 രൂപയുമടക്കം
20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹന വകുപ്പ് അയച്ച നോട്ടീസ് ഇക്കഴിഞ്ഞ 17ന് വാഹന ഉടമയ്ക്ക് ലഭിക്കുകയും ചെയ്തു.
കെ.എസ്.ഇ.ബി കരാർ വാഹനമായതിനാൽ ബോർഡ് തന്നെ പിഴ അടക്കേണ്ടിവരും. ഇത്രയും വലിയ തുക പിഴയായി വന്നതോടെ കെ.എസ്.ഇ.ബി അധികൃതരും ഞെട്ടിയിരിക്കുകയാണ്.
സംഭവത്തിൽ കെ.എ സ്.ഇ.ബി ഉന്നതരെയും മോട്ടോർ വാഹന വകുപ്പ് എൻ ഫോഴ്സ്മെന്റിനെയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് അമ്പലവയൽ കെ.എസ്.ഇ.ബി ഇലട്രിക്ഷൻ അസി. എഞ്ചിനീയർ എ. ഇ സുരേഷ് പറഞ്ഞു.
മഴക്കാലമായതിനാൽ ലൈനിൽ അറ്റകുറ്റ പണികൾ സ്ഥിരമായി ഉണ്ടാകുമ്പോൾ ലൈൻ ക്ലിയർ ചെയ്യാൻ ഇത്തരത്തിൽ തോട്ടിയടക്കമുള്ള വയുമായി പോകേണ്ടതുണ്ട്. ഇതിനെല്ലാം ഫൈൻ ഈടാക്കാൻ തുടങ്ങിയാൽ കരാർ വാഹനങ്ങൾ കിട്ടാതാകുമെന്നും വൈദ്യുതി സംബന്ധ മായ ജോലികൾ മുടങ്ങുമെന്നും വൈദ്യുതിവകുപ്പ് അധികൃതർ പറയുന്നു.