പുല്‍പ്പള്ളി: ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നടത്തിയ ജപ്തി നേരിടുന്ന കര്‍ഷകരുടെ യോഗം തീരുമാനിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ വയനാടിന് അനുവദിച്ച 7000 കോടി രൂപയുടെ പാക്കേജ് ജലരേഖയായി .വന്യമൃഗശല്യവും കാലവസ്ഥ വ്യതിയാനവും കാര്‍ഷിക വിളകളുടെ ഉല്‍പാദന കുറവും മൂലം കര്‍ഷകര്‍ ഏറെ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ഇതിന് പുറമെ കോവിഡ് മഹാമാരിയും പ്രളയക്കെടുതിയും മുലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കര്‍ഷകര്‍. ഇതു മൂലം പല കര്‍ഷകര്‍ക്കും വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണമായെന്നും ഇത് മനസിലാക്കാതെയാണ് ജില്ലയിലെ ബാങ്കുകള്‍ ജപ്തി നടപടികളുമായി കര്‍ഷകരെ പിഡിപ്പിക്കുന്നതെന്നും ജില്ലയിലെ ഒരു കര്‍ഷകന്റെ പോലും ഭുമി ജപ്തി ചെയ്യാന്‍ എഫ്ആര്‍എഫ് അനുവദിക്കുകയില്ലെന്നും ജപ്തി നടപടികളുമായെത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്നും യോഗത്തില്‍ തീരുമാനിച്ചു. വരും ദിവസങ്ങളില്‍ ബാങ്കുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. ജപ്തി ഭീഷണി നേരിടുന്ന 200-ഓളം കര്‍ഷകരാണ് യോഗത്തില്‍ പങ്കെടുത്തത്. ഫാ.ജോര്‍ജ് മയിലാടൂര്‍ ഉദ്ഘാടനം ചെയ്തു. പിഎം ജോര്‍ജ് അധ്യക്ഷനായി.സെക്രട്ടറി എ സി തോമസ്, എം ജെ ചാക്കോ, എ എന്‍ മുകുന്ദന്‍, ഫ്രാന്‍സീസ് കുടകപറമ്പില്‍, ബിജു.കെ.അഗ്‌സ്ത്യന്‍, ടി. ഇബ്രായി, അപ്പച്ചന്‍ ചീങ്കല്ലേല്‍, രാജന്‍,ജെയ്‌സണ്‍ ചാരുവേലില്‍, ബേബി തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.