സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യു ഡി എഫ്: സെപ്റ്റംബര്‍ മാസത്തില്‍ റേഷന്‍കട മുതല്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് എം എം ഹസ്സന്‍

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കും, അനാസ്ഥകള്‍ക്കും, അഴിമതിക്കും, വിലക്കയറ്റത്തിനും, ദുര്‍ഭരണത്തിനുമെതിരെ യു ഡി എഫ് സെപ്റ്റംബര്‍ മാസത്തില്‍ റേഷന്‍കട മുതല്‍ സെക്രട്ടറിയേറ്റ് വരെ മാര്‍ച്ച് നടത്തുമെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന യു ഡി എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമാണുള്ളത്. ഈ സാഹചര്യത്തില്‍ എങ്ങനെ ഓണമാഘോഷിക്കുമെന്ന ചിന്തയിലാണ് ജനങ്ങള്‍. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുമോയെന്ന ആശങ്ക നിലനിലനില്‍ക്കുകയാണ്. കൃഷിക്കാര്‍ക്ക് സംഭരിച്ച ഉല്പന്നങ്ങളുടെ വില നല്‍കാന്‍ ഇനിയും തയ്യാറായിട്ടില്ല. സിവില്‍ സര്‍വീസ് കോര്‍പറേഷന് പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ ഏങ്ങനെയാണ് ഓണചന്ത നടത്താനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഓണക്കിറ്റ് മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രം നല്‍കാനാണ് തീരുമാനമെന്നാണ് അറിയാന്‍ സാധിച്ചത്. കോവിഡ് കാലത്തടക്കം കിറ്റ് കൊടുത്ത് അധികാരത്തില്‍ വന്നവരാണ് ഇപ്പോള്‍ അതിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധി ജനങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രം കിറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ നാല് മുതല്‍ 10 വരെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും, മുന്‍സിപാലിറ്റികളിലും 12 പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പദയാത്രകള്‍ നടത്തും. 10ന് ഈ പദയാത്രകള്‍ സമാപിക്കും. തുടര്‍ന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് നല്‍കും. 12ന് മുപ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ കെ റഷീദ് അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, പി കെ ജയലക്ഷ്മി, കെ കെ വിശ്വനാഥന്‍, കെ എല്‍ പൗലോസ്, പി പി ആലി, എം സി സെബാസ്റ്റ്യന്‍, കെ എ ആന്റണി, കെ വി പോക്കര്‍ ഹാജി, വി എ മജീദ്, ടി ജെ ഐസക്ക്, തെക്കേടത്ത് മുഹമ്മദ്, കെ കുഞ്ഞിക്കണ്ണന്‍, സി ജെ വര്‍ക്കി, വിനോദ്കുമാര്‍, ജോസഫ് കളപ്പുരക്കല്‍, എം എ ജോസഫ്, ഒ വി അപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *