മണ്ണിനടിയില്‍ പുതഞ്ഞുപോയ ആ 17 ജീവനുകള്‍; പുത്തുമലയുടെ നടുക്കുന്ന ഓര്‍മകള്‍ക്കിന്ന് 4 വയസ്

കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ പുത്തുമല ഉരുള്‍പൊട്ടലിന്‍റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാല് വയസ്. 2019 ആഗസ്റ്റ് എട്ടിന് മണ്ണിനടിയില്‍ പുതഞ്ഞുപോയ 17 ജീവനുകളില്‍ 12 പേരുടെ മൃതദേഹങ്ങളാണു പുറത്തെടുക്കാനായത്. അഞ്ചുപേരെ കണ്ടെത്താന്‍ പോലുമായില്ല. മരിക്കാത്ത ഓര്‍മകളെ അകലങ്ങളിലേക്കുമാറ്റി അതിജീവനത്തിന്‍റെ പുതുപാതയിലാണിന്ന് പുത്തുമല നിവാസികള്‍.

2019 ആഗസ്റ്റ് എട്ടിന് വൈകിട്ടു നാലിനായിരുന്നു സംസ്ഥാനത്തെയൊന്നാകെ ഞെട്ടിച്ച ആ മഹാദുരന്തം. തോട്ടം തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന പുത്തുമല എന്ന ഈ ഗ്രാമം ഒരു മഹാദുരന്തത്തിൻ്റെ പേരായി മാറുകയായിരുന്നു പിന്നെ. ഉറ്റവരും ഉടയവരും പൊടുന്നനെ മരണക്കയത്തിലേക്ക് മാഞ്ഞുപോയത് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മറക്കാനാകുന്നില്ല ആര്‍ക്കും.

ഓര്‍മയായ പ്രിയപ്പെട്ടവര്‍ ദൂരെ ദൂരെ ഒരു യാത്ര പോയതാണെന്ന് മനസ്സിനെ ധരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെടുകയാണ് ഇവര്‍. തിരച്ചിലില്‍ കണ്ടുകിട്ടാത്തവര്‍ ഇവിടെ എവിടയോ ഉണ്ടെന്ന തോന്നലാണ് മരിച്ച ഹംസയുടെ മകള്‍ സലീനയ്ക്ക്.

ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായവര്‍ സര്‍ക്കാരിൻ്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പുനരധിവാസ പദ്ധതികളുടെ ബലത്തില്‍ പുതിയ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയാണിപ്പോള്‍. അപ്പോഴും ഓര്‍മകള്‍ക്ക് മുറിവേറ്റവരുടെ അതിജീവന പദ്ധതികള്‍ക്കെല്ലാം മറവിയെന്ന മരുന്നിൻ്റെ അഭാവത്തില്‍ പരിമിതികളേറെയുണ്ടെന്ന് ജീവിതംകൊണ്ട് തിരിച്ചറിയുകയാണ് ഈ നിസ്സഹായ മനുഷ്യര്‍.

Leave a Reply

Your email address will not be published. Required fields are marked *