ഭരണകൂടത്തിൻ്റെ കണ്ണ് തുറപ്പിക്കാൻ ഗോത്രകലകളുമായി ലോക ആദിവാസി ദിനത്തിൽ കലാജാഥ

കൽപ്പറ്റ: ഇന്ന് ലോക തദ്ദേശീയ ദിനം. അവകാശ നിഷേധങ്ങൾക്കെതിരെയുള്ള പ്രതിഷേധം ബധിരകർണ്ണങ്ങളിലെത്തിക്കാൻ തുടികൊട്ടും പാട്ടുമായി ഗോത്ര ജനത നഗരത്തിൽ സാംസ്കാരിക പ്രതിഷേധ ജാഥയൊരുക്കി. ഗോത്ര ദൈവങ്ങളെ കൊട്ടിയുണർത്തുന്ന വാദ്യമേളങ്ങളോടെയാണ് അധികാരികൾക്കെതിരെയുള്ള പ്രതിഷേധം അവർ അറിയിച്ചത്.

ഉപരോധങ്ങളോ ധർണ്ണകളോ കൈയ്യേറ്റങ്ങളോ ഇല്ല. അവയെല്ലാം നടത്തി മടുത്ത ഒരു ജനത അവരുടെ ഊരുകളിൽ നിന്ന് കൽപ്പറ്റ നഗരത്തിലെത്തി നടത്തിയ ആചാര കലകളുടെ ആവിഷ്കാര ജാഥയാണിത്. തങ്ങളുടെ ഗോത്ര ദൈവങ്ങളെ കൊട്ടിയുണർത്തി നൃത്തമാടി അവരെ പ്രീതിപ്പെടുത്തുന്ന ആട്ടവും പാട്ടും തുടിയും താളവുമായി അവർ ദേശീയപാതയിലൂടെ നീങ്ങി. പതിറ്റാണ്ടുകളായിട്ടും കണ്ണ് തുറക്കാത്ത ,കാത് കേൾക്കാത്ത ഭരണകൂടത്തിൻ്റെ കണ്ണും കാതും തുറപ്പിക്കാനായിരുന്നു ലോക തദ്ദേശീയ ദിനത്തിൽ ഈ പ്രതിഷേധം. ഗോത്ര വിഭാഗത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന അടിയ, പണിയ, ഊരാളി, വെട്ടക്കുറുമ വിഭാഗങ്ങളിലെ ഒരു കൂട്ടം യുവതീയുവാക്കളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. അവരുടെ പുതിയ കലാ സാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം ചിത്രകാരൻ രാജേഷ് അഞ്ചിലനും കലാജാഥയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറും നിർവ്വഹിച്ചു. സി. മണികണ്ഠൻ പണിയൻ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *