കൊച്ചി: എറണാകുളം കലൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ കുത്തിക്കൊന്നു. സുഹൃത്തും ഹോട്ടൽ ജീവനക്കാരനുമായ യുവാവ് അറസ്റ്റിലായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മ (22) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി നൗഷാദ് (30) ആണ് എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിലായത്.
കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ നൗഷാദ് ജോലി ചെയ്യുന്ന ഹോട്ടലില്‍ ഇന്നലെ രാത്രി 10.30നാണ് സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട നൗഷാദിനെ കാണാന്‍ രേഷ്മ കലൂരിലെത്തുകയായിരുന്നു. ഹോട്ടലില്‍ വെച്ച് തര്‍ക്കത്തിനിടെ നൗഷാദ് കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഹോട്ടലിലെ മറ്റൊരു ജീവനക്കാരന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നൗഷാദ് ഏതാനും വര്‍ഷങ്ങളായി ഇവിടെയാണ് ജോലി ചെയ്യുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.