തിരുവനന്തപുരം: താനൂർ കസ്റ്റഡിമരണത്തിന്റെ പേരിൽ സർക്കാർ വിചാരണ നേരിടുമ്പോൾ രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് 83 പേർ. കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ ദേശീയതലത്തിൽ ആന്ധ്രപ്രദേശിന് തൊട്ടുതാഴെയാണ് കേരളത്തിന്റെ സ്ഥാനം. പൊലീസിനെതിരായ രൂക്ഷമായ ആരോപണം നിലനിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളമെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് 35 പേരും 2021-22 സാമ്പത്തിക വർഷം (2022 ഫെബ്രുവരി 28 വരെ) 48 പേരും കൊല്ലപ്പെട്ടു. 13 പേരുടെ വർധന. ഇക്കാലയളവിൽ രാജ്യത്ത് ആകമാനം യഥാക്രമം 1940, 2544 എന്നിങ്ങനെയാണ് കസ്റ്റഡി മരണമെന്നും ലോക്സഭയിലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയിൽ പറയുന്നു.ഇതേകാലയളവിൽ ആന്ധ്രപ്രദേശിൽ 98 പേരാണ് മരിച്ചത്. ഉത്തർ പ്രദേശിലാണ് കൂടുതൽ. 451, 501എന്ന തോതിൽ 952 പേർ അവിടെ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിൽ 442ഉം ബിഹാറിൽ 396ഉം മധ്യപ്രദേശിൽ 364ഉം മഹാരാഷ്ട്രയിൽ 340 പേരും കൊല്ലപ്പെട്ടു. ദേശീയതലത്തിൽ ശ്രദ്ധേയമായ അഞ്ച് കസ്റ്റഡിമരണങ്ങളുടെ പട്ടികയിൽ മൂന്നെണ്ണം കേരളത്തിലാണ്. 1976ൽ കോഴിക്കോട് എൻജിനീയറിങ് കോളജ് വിദ്യാർഥി രാജൻ കൊലക്കേസ്, 2005 സെപ്റ്റംബറിൽ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല, 2019ൽ ഇടുക്കി നെടുങ്കണ്ടം സ്റ്റേഷനിൽ കെ. രാജകുമാറിന്റെ കൊല എന്നിവയാണ് കുപ്രസിദ്ധം.