മേപ്പാടി: മേപ്പാടി-ചൂരല്‍മല റോഡില്‍ വര്‍ഷങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് അറുതി വരുത്തണ മെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ താഞ്ഞിലോട് റോഡ് ഉപരോധിക്കാനാരംഭിച്ചു. രാവിലെ 8.30 മുതലാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം ആരംഭിച്ചത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലെ നിരവധിയാളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായ ഈ പാത തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും ബന്ധപ്പെട്ടവര്‍ അവഗണന തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മലയോരഹൈവേയില്‍ ഉള്‍പ്പെടുത്തി 43 കോടിരൂപ വകയിരുത്തി പ്രവൃത്തി തുടങ്ങിയിരുന്നെങ്കിലും പാതിവഴിയില്‍ നിര്‍ത്തുകയാണുണ്ടായത്. ഇതിനാവശ്യമായ സ്ഥലം സ്വകാര്യവ്യക്തികളും എ.വി.ടി. കമ്പനിയും പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തു. പാേഡാര്‍ പ്ലാന്റേഷനും സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധരായിരുന്നു. എന്നാല്‍, എച്ച്.എം.എല്‍. ഭൂമി വിട്ടുകൊടുക്കാത്തതിനാല്‍ റോഡിന്റെ നവീകരണപ്രവൃത്തി തടസ്സപ്പെട്ടു. ഇതിന്റെപേരില്‍ കരാറുകാരന്‍ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ കാലാവധി കഴിഞ്ഞുവെന്നപേരില്‍ കിഫ്ബി ഫണ്ട് തിരിച്ചുപിടിച്ചെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.