കൽപ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂൾ ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ദേശീയ പതാക ഉയർത്തും. തുടർന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. രാവിലെ 8 മുതലാണ് ചടങ്ങുകൾ തുടങ്ങുക. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടത്തുന്നത്. പരേഡിൽ 30 പ്ലാറ്റൂണുകൾ അണിനിരക്കും. പോലീസ് – 3, എക്സൈസ്, വനം – 1 വീതം, സ്‌ക്കൗട്ട് ആന്റ് ഗൈഡ്സ് – 5, എസ്.പി.സി – 12, എൻ.സി.സി – 8, ബാന്റ് ടീം എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ അണിനിരക്കുക. സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കണിയാമ്പറ്റ ചിൽഡ്രൻസ് ഹോം, കൽപ്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്.എസ്, മാനന്തവാടി ബി.ആർ.സി, കണിയാമ്പറ്റ ജി.എം.ആർ.എസ് സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കും.
ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നശാമുക്ത് ഭാരത് അഭിയാൻ ജില്ലയിൽ വ്യാപിപ്പിക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം ജില്ലാ കളക്ടർ ഡോ. രേണു രാജ് ചടങ്ങിൽ നിർവഹിക്കും. ഹർ ഘർ തിരംഗ ക്യാമ്പെയിന്റെ ഭാഗമായി എല്ലാ പോസ്റ്റ് ഓഫീസുകളിൽ നിന്നും ദേശീയ പതാകകൾ ലഭിക്കും.