മീനങ്ങാടി: സാമൂഹിക സുരക്ഷാ പദ്ധതിയായ ‘സുരക്ഷ 2023’ ക്യാമ്പയിനിൽ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. എല്ലാ കുടുംബങ്ങളെയും ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തി ക്യാമ്പയിൻ പൂർത്തീകരിക്കുന്ന മൂന്നാമത്തെ ഗ്രാമപഞ്ചായത്താണ് മീനങ്ങാടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, വിവിധ ബാങ്കുകൾ, സാമ്പത്തിക സാക്ഷരത കൗൺസിലർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. പഞ്ചായത്തിലെ 8200 കുടുംബങ്ങളിലായി 12,500 അംഗങ്ങളെ പ്രധാന മന്ത്രി സുരക്ഷാ ഭീമ യോജനയിൽ ഉൾപ്പെടുത്തി. പഞ്ചായത്തിലെ വിവിധ ജന വിഭാഗങ്ങളിക്കിടയിൽ സുരക്ഷ 2023 പദ്ധതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിടിക്കാനും അവരെ പദ്ധതിയിൽ ഉൾപ്പെടുത്താനും വാർഡ് മെമ്പർമാർ, ബാങ്ക് പ്രതിനിധികൾ എന്നിവർ ഇടപെടലുകൾ നടത്തി. മീനങ്ങാടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ സുരക്ഷ 2023 ന്റെ പൂർത്തീകരണം പ്രഖ്യാപിച്ചു. നബാർഡ് തിരുവനന്തപുരം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ സജീവ് പഞ്ചായത്തിന് ഉപഹാരം നൽകി. സ്ഥിരം സമിതി അധ്യക്ഷൻമാർ, വാർഡ് മെമ്പർമാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.