ഒരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തുമ്പോൾ കഴിഞ്ഞ വർഷം 75 ാം വാർഷിക വേളയിലുണ്ടായ പ്രത്യേക ആഘോഷങ്ങളും പരിപാടികളും പദ്ധതികളും ആരുടെയും ഓർമയിൽ വരും. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന ശീർഷകത്തിൽ ആവിഷ്കരിച്ച ക്ഷേമ-വികസന-ആഘോഷ പരിപാടികളാണ് അതിനെ ശ്രദ്ധേയമാക്കിയത്. വിദേശകോയ്മയുടെ രണ്ടുനൂറ്റാണ്ട് നീണ്ട ഭരണത്തിന്റെ അന്ത്യം സത്യത്തിൽ ഭരണം സ്വദേശികളുടെ കൈയിൽ എത്തുന്നതിൽ മാത്രം പരിമിതമായിരുന്നില്ല. സ്വന്തം ക്ഷേമം നേടാനുള്ള ഭരണ സംവിധാനങ്ങളാണ് അതുവഴി കൈവന്നത്. അവസാനത്തെ കൊളോണിയൽ ശക്തിയായി വിരാജിച്ച ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെ ഉന്നം സാമ്രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങൾ സാക്ഷാത്കരിക്കുക മാത്രമായിരുന്നു. അന്ന് അലയടിച്ച ആഗോള സ്വാതന്ത്ര്യക്കാറ്റിനിടയിൽ വിദേശഭരണം തുടരാൻ ഇന്ത്യൻ ജനത അനുവദിക്കില്ല എന്നു സമരങ്ങളിലൂടെയും അഹിംസാധിഷ്ഠിത ചെറുത്തു നിൽപുകളിലൂടെയും ബോധ്യപ്പെടുത്തിയപ്പോഴാണല്ലോ സ്വാതന്ത്ര്യസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. അതോടൊപ്പം ചിതറിക്കിടന്ന പ്രാദേശിക നാട്ടു രാജ്യങ്ങളും കൂടി ഐക്യ ഭാരതത്തിന്റെ ഭാഗമായപ്പോൾ സമ്പൂർണ ഇന്ത്യ എന്ന ഏകകം നിലവിൽ വന്നു. സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ ആഗോള ശേഷിക്കിടയിലും അതിനെതിരെ പൊരുതി സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കുന്നതിൽ നാട് നേടിയെടുത്ത വിജയമാണ് ഇന്ത്യൻ ജനതയുടെ മനസ്സിൽ ഉണരേണ്ട അഭിമാനകരമായ ചരിത്ര സ്മരണ. ഒപ്പം ദുഃഖകരമെങ്കിലും അവിഭക്ത ഇന്ത്യയുടെ ഭാഗങ്ങൾ കിഴക്കും പടിഞ്ഞാറും പാകിസ്താനായി വേർപെട്ടതിന്റെ യാഥാർഥ്യവും ഈ ചരിത്രബോധത്തിന്റെ ഭാഗമാവണം.
ഈ ദശാസന്ധി കഴിഞ്ഞ് 76 സംവത്സരങ്ങൾ പിന്നിടുമ്പോൾ ജനത സ്വാതന്ത്ര്യംകൊണ്ട് ഏറെ നേടി. 1947 ലെ 34 കോടി ജനസംഖ്യ ഇന്ന് 141 കോടിക്കടുത്തായി വളർന്നു, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി. ഔദ്യോഗികഭാഷ്യ പ്രകാരം 2.76 ലക്ഷം കോടി രൂപ ജി.ഡി.പിയിൽനിന്ന് 2023ൽ 3.73 ട്രില്യൻ ഡോളർ ജി.ഡി.പിയുമായി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായും തലയെടുപ്പോടുകൂടി നിൽക്കുന്നു. 76 വർഷത്തെ ക്രമപ്രവൃദ്ധമായ വളർച്ചയുടെ ഫലമാണിത്. ചില ഘട്ടങ്ങളിൽ അതിനു ഉയർച്ച-താഴ്ചകൾ ഉണ്ടായി എന്നതും അംഗീകരിക്കണം. രാജ്യം സ്വാതന്ത്ര്യത്തിന്റെ നിർവചനത്തിനു അർഹമാവുന്നത് അതിന്റെ ഭരണകൂടവും ഭരണരീതികളും വിഭവ സമാഹരണവും വിനിയോഗവും നീതിവ്യവസ്ഥയും അന്യാശ്രയത്വമില്ലാതെയും ജനാഭിലാഷങ്ങൾക്ക് വിധേയമായും നടക്കുമ്പോഴാണ്. ഇതിനുള്ള സംവിധാനങ്ങൾ ഭരണഘടന വഴിയും രാഷ്ട്രനേതൃത്വത്തിലെ പൂർവസൂരികളുടെ ദീർഘദൃഷ്ടിയിലൂടെയും ഇന്ന് രാഷ്ട്രത്തിന്റെ കൈവശമുണ്ട്.
ഇന്ന് 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി (ജമ്മു-കശ്മീർ, ലഡാക്ക് ഉൾപ്പെടെ) കിടക്കുന്ന രാഷ്ട്രം സാമ്പത്തിക-സാങ്കേതിക പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോൾത്തന്നെ വികസനത്തിന്റെ അസന്തുലിതത്വം ജനസംഖ്യയിലെ ഒരു വലിയ വിഭാഗത്തെ ആ ഐശ്വര്യത്തിനു പുറത്ത് നിർത്തിയിരിക്കുന്നു എന്നതും നമ്മെ അലോസരപ്പെടുത്തുന്നു. എന്നാൽ, ഭാഷാ-മത-ജാതി വൈജാത്യങ്ങൾക്കിടയിലും വിവിധ സംസ്ഥാനങ്ങളായി വൈവിധ്യം പുലർത്തി നിലനിൽക്കാൻ രാഷ്ട്രത്തിനു കഴിയുന്നുവെന്നതും ഒരു സ്വാതന്ത്ര്യദിന സുസ്മരണയാണ്. അതിലും സാരമായ കോട്ടം തട്ടിയിട്ടില്ലേ എന്ന് ചിന്തിച്ചുപോവുന്ന സംഭവങ്ങളും സാഹചര്യങ്ങളും വർത്തമാന ഇന്ത്യയുടെ ദൈനംദിന ചിത്രമായുണ്ട്. ഒപ്പം മറ്റൊന്നുകൂടി; ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളും നിയമ നിർമാണസഭകളും നീതിന്യായ വ്യവസ്ഥക്കുള്ള ബൃഹത്തായ സംവിധാനങ്ങളും സുബദ്ധമായി നിലനിൽക്കുമ്പോഴും ജനഹിതത്തെ പരിഹസിക്കുന്ന കാലുമാറ്റങ്ങളും നീതിപീഠങ്ങളെ നിർവീര്യമാക്കുന്ന ഭരണകൂട അത്യാചാരങ്ങളും നിയമ വാഴ്ചയെ വികലമാക്കുന്ന വിഭാഗീയ പ്രചാരണങ്ങളും ആക്രമണങ്ങളും ബഹുത്വത്തെ ബാധിക്കുന്ന വിദ്വേഷരാഷ്ട്രീയവും രാഷ്ട്രഗാത്രത്തെ കാർന്നുതിന്നുന്നതും നാം കാണേണ്ടി വരുന്നു.
രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ടും സാമ്പത്തികമായ അസ്വാതന്ത്ര്യം മറ്റേതൊരു രാജ്യത്തെപ്പോലെ ഇന്ത്യക്കും വെല്ലുവിളിയാണ്. ഇതിൽ ഒരുപങ്ക് ആഗോള തലത്തിലെ പരസ്പരാശ്രിതത്വത്തിന്റെ ഉപോൽപന്നമാവാം. ആഗോളീകരണത്തിലൂടെ അത്തരം പ്രതിഭാസങ്ങൾ നിലവിൽ വന്നിട്ടുണ്ട്. എന്നാൽ, ആഗോളീകരണം ഇന്ന് വെള്ളം ചേർക്കപ്പെട്ട ഒന്നായി മാറിയിട്ടുമുണ്ട്. ഇറക്കുമതി നിയന്ത്രണങ്ങളും നികുതികളും ഇന്ന് ആഗോളീകരണത്തിന്റെ ആദി സങ്കൽപത്തിന് വിപരീതമായി തിരിച്ചുവരാൻ തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിൽ കമ്പ്യൂട്ടർ ഉൽപന്നങ്ങൾക്കും അനുബന്ധ ഘടകങ്ങൾക്കും നിയന്ത്രണം വരുത്തിയ കേന്ദ്ര തീരുമാനം തന്നെ ഉദാഹരണം. തീരുമാനങ്ങൾ മറ്റേതൊരു രാജ്യത്തിന്റെയും സമ്മർദമില്ലാതെ സാധ്യമാവുന്നുണ്ടോ എന്നതാണ് മർമം. അത്രതന്നെ നിർണായകമാണ് ഭരണകൂടങ്ങളുടെ തീരുമാനങ്ങൾ ജനാഭിലാഷമനുസരിച്ച് സ്വതന്ത്രമായാണോ അതല്ല ആഭ്യന്തര-ബാഹ്യ സാമ്പത്തിക ശക്തികളോട് കടപ്പാട് പുലർത്തിക്കൊണ്ടാണോ എടുക്കുന്നത് എന്നത്. ഈ വിശകലനത്തിൽ ഒട്ടും സന്തോഷകരമായ ഒരു ചിത്രമല്ല നമുക്ക് കിട്ടുക. എല്ലാറ്റിനുമുപരി നീതിയുടെ ലഭ്യതയിൽ സ്വാതന്ത്ര്യത്തിന്റെ സദ്ഫലം എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായി ഉറപ്പുവരുത്താൻ സാധിക്കുന്നുണ്ടോ എന്ന പരിശോധനയും ആശങ്കയാണ് ജനിപ്പിക്കുക. ത്യാഗിവര്യന്മാരും യോദ്ധാക്കളും ഐക്യത്തോടെ രക്തവും വിയർപ്പും നൽകി നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് രക്തം ചിന്താൻ വിയർക്കുന്നവരുടെ ഭരണ സംവിധാനങ്ങളിൽ അമരുന്നതിലുമുണ്ട് രാജ്യസ്നേഹികൾക്ക് കുണ്ഠിതമേറെ. 76 വർഷമെന്ന ഒരു രാജ്യത്തിന്റെ ഗണ്യമായ പ്രായത്തിൽ ജനതയുടെ മനപ്പൊരുത്തമെന്ന മൗലിക നിർബന്ധത്തിനേറ്റ മുറിവാണ് രാജ്യസ്നേഹികളെ ആകുലചിത്തരാക്കുക. മറ്റൊന്നുമില്ലെങ്കിലും ഒറ്റ ഒരു രാജ്യത്തെ ജനതയെന്ന കണ്ണിയിൽ സർവരെയും ആശ്ലേഷിച്ചുനിർത്താൻ കഴിയുന്ന ഒരു മനോഘടന ജനതക്ക് നൽകുമെന്ന പ്രതിജ്ഞയാവും ഈ സ്വാതന്ത്ര്യദിനത്തിലും നാം എടുക്കേണ്ടത് -വിശിഷ്യ, രാജ്യനേതൃത്വത്തിലുള്ളവർ.