വര്‍ണാഭമായി ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം

കല്‍പ്പറ്റ: രാജ്യത്തിന്റെ 77-)മത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വര്‍ണാഭമായി ആഘോഷിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി. ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി പദം സിംങ് ഐ.പി.എസ്, മറ്റു വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ദേശഭക്തിഗാനം, ഫോക്ക് ഡാന്‍സ്, മെഗാ തിരുവാതിര തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ് എന്നിവര്‍ 30 പ്ലട്ടൂണുകളിലായി സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരന്നു. മീനങ്ങാടി ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ ബിജു ആന്റണി പരേഡ് കമാണ്ടറായി. യൂണിഫോമ്ഡ് സേനാ വിഭാഗത്തില്‍ ഡി.എച്ച്.ക്യു വയനാട് ഒന്നാം സ്ഥാനവും, എക്‌സൈസ് രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ സെന്റ് മേരീസ് കോളജ് ഒന്നാമതും കല്‍പ്പറ്റ എന്‍.എം.എസ്.എം കോളജ് രണ്ടാമതുമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ജി.എം.ആര്‍.എസ് കണിയാമ്പറ്റ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം എന്‍.എസ്.എസ് എച്ച്.എസ്.എസ് ഗൈഡ്‌സും, രണ്ടാം സ്ഥാനം ഡീ പോള്‍ സ്‌കൗട്‌സും നേടി. 30 വര്‍ഷത്തെ സര്‍വീസിനുശേഷം പോലീസ് സേനയില്‍ നിന്നും വിരമിക്കുന്ന സെക്കന്‍ഡ് ഇന്‍ കമാര്‍ഡര്‍ കൂടിയായ ഡി.എച്ച്.ക്യു സബ് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീനീവാസനെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *