തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കണം; ജില്ലാ ആസൂത്രണ സമിതി

കൽപ്പറ്റ: തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. സെപ്തംബര്‍ മാസത്തില്‍ ഫണ്ട് വിനിയോഗത്തിന്റെ പുരോഗതി വിലയിരുത്തി തദ്ദേശ സ്ഥാപനങ്ങള്‍ കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യണം. ആഗസ്റ്റ്‌വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ ആദ്യവാരത്തില്‍ അവലോകനം നടത്തണം. മൂന്നുമാസത്തിനുള്ളില്‍ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയണം. 2023-24 വാര്‍ഷിക പദ്ധതിയുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലാ വികസന ഫണ്ട് വിനിയോഗത്തില്‍ തദ്ദേശ സ്ഥാപനതലത്തില്‍ നിലവില്‍ 14.64 ശതമാനം വികസന ഫണ്ട് വിനിയോഗിച്ച് ജില്ല സംസ്ഥാനതലത്തില്‍ എട്ടാം സ്ഥാനത്താണ്. 2021-22 ലെ ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗവും യോഗത്തില്‍ വിലയിരുത്തി. 2022-23 ലെ ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടുകള്‍ തയ്യാറാക്കി ആസൂത്രണ സമിതിക്ക് നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. തദ്ദേശ സ്ഥാപന തലത്തില്‍ പി.ഇ.സി മീറ്റിംഗ് ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി വിലയിരുത്തണം. സ്പീച്ച് ആന്റ് ഒക്യുപ്പേഷണല്‍ തെറാപ്പി ആവശ്യമുള്ളവര്‍, പഠന വൈകല്യം നേരിടുന്ന കുട്ടികളുടെയും ലിസ്റ്റ് തയ്യാറാക്കി ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ക്യാമ്പ് നടത്തി ആവശ്യമായ സഹായങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കണം. ഏര്‍ലി ഇന്റര്‍വെന്‍ഷന്റെ ഭാഗമായുള്ള ആരോഗ്യവകുപ്പിന്റെ മൊബൈല്‍ ക്ലിനിക്കിന്റെ പര്യടനം നടത്തുന്ന സ്ഥലങ്ങല്‍ മുന്‍കൂട്ടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കണം. സുല്‍ത്താന്‍ ബത്തേരിയിലെയും പടിഞ്ഞാറത്തറയിലെയും എ.ബി.സി സെന്ററുകളുടെ പുരോഗതിയും യോഗം വിലയിരുത്തി. വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ്, നായകള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ്പിന്റെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ചചെയ്തു. ശുചിത്വ വയനാട് ലക്ഷ്യമാക്കി ശുചിത്വ മിഷന്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനും യോഗത്തില്‍ അവതരിപ്പിച്ചു. സമഗ്ര കോളനി വികസന പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി അനില്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *