ജനജാഗ്രതാ സമിതി രൂപീകരണവും ബോധവത്കരണ ക്ലാസും നടത്തി

മുള്ളന്‍കൊല്ലി: സംസ്ഥാന അതിര്‍ത്തി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് വര്‍ദ്ധിച്ച് വരുന്ന ലഹരി കടത്തിനും ലഹരി ഉപയോഗത്തിനുമെതിരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ലഹരിക്കെതിരായ ബോധവത്കരണം ക്ലാസും, ജന ജാഗ്രതാ സമിതി രൂപീകരണവും നടത്തി. വയനാട് ജില്ലാ പോലീസ് മേധാവി പദംസിങ് ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ചര്‍ച്ച് ക്വീന്‍മേരി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. അതിവേഗത്തില്‍ ലഹരിയുടെ അടിമകളാകുന്ന പുതുതലമുറയെ സാധാരണ ജിവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനും, നിരീക്ഷിക്കുന്നതിനും സമൂഹവും, മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. അതിര്‍ത്തി ഗ്രാമങ്ങളിലെ ലഹരികടത്ത് നിരീക്ഷിക്കുന്നതിന് ജനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പതിനഞ്ച് പേരടങ്ങുന്ന ജനജാഗ്രതാ സമിതിയുടെ രൂപീകരണവും പരിപാടിയുടെ ഭാഗമായി നടത്തി. ലഹരിക്കടത്ത് പ്രവണതയും ഉപയോഗവും ഇനി മുതല്‍ ജനജാഗ്രതാ സമിതി സൂഷ്മമായി നിരീഷിക്കുകയും കുറ്റകൃത്യങ്ങള്‍ അധികൃതരെ അറിയിക്കുകയും ചെയ്യും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷിനു കച്ചിറയില്‍, വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് ഷാജി, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.ആര്‍ ഷാജി, മുള്ളന്‍കൊല്ലി സെന്റ് മേരീസ് ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ജെസ്റ്റിന്‍ മൂന്നനാല്‍, സീതാമൌണ്ട് സെന്റ് ജോസഫ് ചര്‍ച്ച് ഇടവക വികാരി ഫാദര്‍ മാത്യു കറുത്തേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മത-സാമൂഹ്യ രാഷ്ട്രീയ, പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, രക്ഷിതാക്കള്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *