ബഡ്സ് ദിനാഘോഷം നടത്തി

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ വയനാടിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ബഡ്‌സ് ദിനാഘോഷം നടത്തി. ബഡ്‌സ് സ്ഥാപനങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പക്കപ്പെട്ട ബഡ്‌സ് ഡേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് മുഖ്യാഥിതിയായി. ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കപ്പെട്ട ഡോക്യുഫിക്ഷന്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ബഡ്‌സ് സ്ഥാപനങ്ങളിലൂടെ മികച്ച പ്രവര്‍ത്തനം നടത്തുന്ന കല്‍പ്പറ്റ, തിരുനെല്ലി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, നെന്മേനി, പൂതാടി, മേപ്പാടി, മാനന്തവാടി, പൊഴുതന, തൊണ്ടര്‍നാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കേരളം സന്ദര്‍ശിച്ച രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്‌നേഹ സമ്മാനമായ് ചിത്രം വരച്ച് നല്‍കിയ തിരുനെല്ലി ബഡ്‌സ് സ്‌ക്കൂളിലെ അജു വി. ജെയ്ക്കിനും ബഡ്‌സ് സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്നതിനായ് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ അഭിനയിച്ച അഡ്‌വിന്‍ ജോ ലോപ്പസിനും അവാര്‍ഡുകള്‍ നല്‍കി. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്‍, കെ. ബാബു, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍, അസി. മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ റജീന, പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *