കൽപ്പറ്റ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ‘വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും’ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ശനി) രാവിലെ 10 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി സന്ദേശം നല്‍കും. മേപ്പാടി സാമൂഹ്യരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം അര്‍ജുന്‍ ബോധവല്‍ക്കരണ ക്ലാസ്സെടുക്കും. ഡോക്ടര്‍ മൂപ്പന്‍സ് നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ സ്‌കിറ്റ് അവതരിപ്പിക്കും. വാരാഘോഷത്തിന്റെ ഭാഗമായി വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും.