കൽപ്പറ്റ: ജില്ലയില്‍ സപ്ലൈക്കോയുടെ ഓണം ഫെയര്‍ നാളെ (ശനി) തുടങ്ങും. ഓണം ഫെയറിന്റെ ഉദ്ഘാടനം രാവിലെ 10 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി, വാര്‍ഡ് കൗണ്‍സിലര്‍ കെ. അജിത, കോഴിക്കോട് സപ്ലൈകോ മേഖല ഓഫീസര്‍ എന്‍. രഘുനാഥ്, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ എം.എന്‍ വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ 3000 സ്വകയര്‍ഫീറ്റില്‍ ശീതീകരിച്ച പന്തലിലാണ് ഓണം ഫെയര്‍ നടത്തുന്നത്. പ്രത്യേക ഓണം ഓഫറുകളും ഗിഫ്റ്റ് വൗച്ചറുകളും വിലക്കുറവുമായിട്ടാണ് ഇത്തവണത്തെ സപ്ലൈകോ ഓണം ഫെയര്‍ നടക്കുന്നത്. എല്ലാ അവശ്യസാധനങ്ങളും മിതമായ നിരക്കില്‍ ഓണം ഫെയറില്‍ ലഭിക്കും. സപ്ലൈകോയുടെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്ക്പുറമേ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറുകളും ലഭ്യമാകും. താലൂക്ക്തല ഓണ ചന്തകളും ഉണ്ടാകും. രാവിലെ 9 മുതല്‍ രാത്രി 9 വരെ ഓണം ഫെയര്‍ പ്രവര്‍ത്തിക്കും. ഓണം ഫെയര്‍ ആഗസ്റ്റ് 28 ന് സമാപിക്കും.
ഓണം ഫെയറില്‍ ശബരി ഉല്‍പ്പന്നങ്ങളും
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്‍പന്നങ്ങളുടെ റീബ്രാന്‍ഡിങ് ഓണം ഫെയറിനോടനുബന്ധിച്ച് നടത്തും. പുതുതായി അഞ്ച് ശബരി ഉത്പ്പന്നങ്ങളാണ് വിപണിയില്‍ ഇറക്കുന്നത്. ശബരി ബ്രാന്‍ഡില്‍ മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പം പൊടി എന്നിവയാണ് പുതിയ ശബരി ഉത്പ്പന്നങ്ങള്‍. കൂടാതെ മല്ലി, മുളക്, മഞ്ഞള്‍, കറി മസാലകള്‍, കടുക്, ജീരകം, സോപ്പ്, വെളിച്ചെണ്ണ തുടങ്ങിയ ഉല്‍പ്പന്നങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും.
39 കൃഷിവകുപ്പ് ഓണചന്തകള്‍;
വിലക്കുറവില്‍ പച്ചക്കറികള്‍
പച്ചക്കറികള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 39 ഓണചന്തകള്‍ തുറക്കും. വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ 5 ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും നടത്തും. ആഗസ്റ്റ് 25 മുതല്‍ 28 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുകയും അത് വിപണിയിലെ വില്‍പ്പന വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ വില്‍ക്കുകയും ചെയ്യും. ജൈവ കാര്‍ഷിക വിളകള്‍ 20 ശതമാനം അധിക വില നല്‍കി സംഭരിച്ച് പൊതുവിപണിയിലെ വില്‍പ്പന വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തും. കര്‍ഷകരില്‍ നിന്ന് ലഭ്യമാകാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന വാങ്ങി വില്‍പ്പനക്ക് എത്തിക്കും. ഓണ ചന്തകളുടെ ജില്ലാ- ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനങ്ങള്‍ ആഗസ്റ്റ് 25 ന് നടക്കും.