കൽപ്പറ്റ: ഓണത്തെ വരവേല്‍ക്കാന്‍ വിലക്കുറവിന്റെ മേളയുമായി സപ്ലൈകോയുടെ ഓണം ഫെയര്‍ കല്‍പ്പറ്റയില്‍ തുടങ്ങി. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലവര്‍ദ്ധനവിനെ പ്രതിരോധിക്കാനും ഇടപെടല്‍ നടത്താനുമുള്ള പ്രധാന മാര്‍ഗ്ഗമാണ് സപ്ലൈകോയെന്ന് എം.എല്‍.എ. പറഞ്ഞു. ഓണക്കാലത്ത് എല്ലാ ജനങ്ങള്‍ക്കും കുറഞ്ഞ ചിലവിലും വലിയ ഓഫറുകളിലും പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നത് ആശ്വാസകരമാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പനയും കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ നിര്‍വ്വഹിച്ചു.
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ 3000 സ്‌ക്വയര്‍ഫീറ്റില്‍ ശീതീകരിച്ച പന്തലിലാണ് ഓണം ഫെയര്‍ നടത്തുന്നത്. എല്ലാ അവശ്യസാധനങ്ങളും മിതമായ നിരക്കില്‍ ലഭിക്കുന്നതിനോടൊപ്പം പ്രത്യേക ഗിഫ്റ്റ് വൗച്ചറുകളും സപ്ലൈകോ ഓണം ഫെയറില്‍ ലഭിക്കും. സപ്ലൈകോയുടെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ ഉല്‍പ്പന്നങ്ങള്‍ കോംബോ ഓഫറിലും വാങ്ങാം. ഓണം ഫെയറില്‍ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കും. കുറുവ, ജയ അരി കിലോ 25 രൂപയാണ് വില. ഒരു കാര്‍ഡിന് അഞ്ച് കിലോ അരി ലഭിക്കും. പഞ്ചസാര കിലോ 24 രൂപ. ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, മുളക്, മല്ലി എന്നിവയാണ് മറ്റ് സബ്സിഡി സാധനങ്ങള്‍. വെളിച്ചെണ്ണ, ആട്ട എന്നിവയും മിതമായ നിരക്കില്‍ ലഭിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ലഭിക്കും. പുതുതായി അഞ്ച് ശബരി ഉത്പ്പന്നങ്ങളാണ് വിപണിയില്‍ ഇറക്കിയത്. ശബരി ബ്രാന്‍ഡില്‍ മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പം പൊടി എന്നിവയാണ് പുതിയ ശബരി ഉത്പ്പന്നങ്ങള്‍. പച്ചക്കറികളും മിതമായ നിരക്കില്‍ ലഭിക്കും. മേളയില്‍ മില്‍മയുടെ പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ രാത്രി 9 വരെ ഓണം ഫെയര്‍ പ്രവര്‍ത്തിക്കും. ഓണം ഫെയര്‍ ആഗസ്റ്റ് 28 ന് സമാപിക്കും. കല്‍പ്പറ്റ സപ്ലൈകോ ഡിപ്പോ മാനേജര്‍ ആഭ രമേഷ്, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ എം.എന്‍ വിനോദ്കുമാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.