കൽപ്പറ്റ: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷനും എടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷണ സാധനങ്ങളുടെ ഉല്‍പ്പാദനം, വിതരണം, ശേഖരണം, വ്യാപാരം എന്നിവ നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്. ഇതുവരെയും ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരെയും, ലൈസന്‍സ് കലാവധി കഴിഞ്ഞ് പുതുക്കാത്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. അത്തരം സ്ഥാപനങ്ങള്‍ ഉടന്‍ അക്ഷയ, സി.എസ്.സി കേന്ദ്രങ്ങള്‍ മുഖേനെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എടുക്കണം. ഹോട്ടല്‍, ബേക്കറി, പച്ചക്കറി, പലചരക്ക്, ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണയൂണിറ്റുകള്‍, തട്ടുകടകള്‍, മത്സ്യ-മാംസ കടകള്‍, വാഹനം, ഉന്തുവണ്ടി, നടന്നുകൊണ്ട് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ തുടങ്ങിവര്‍ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എടുക്കണം. 12 ലക്ഷം വരെ വിറ്റ് വരവുളള സ്ഥാപനങ്ങള്‍ ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷനും 12 ലക്ഷത്തിന് മുകളില്‍ വിറ്റ് വരവുളള സ്ഥാപനങ്ങള്‍ ഫുഡ്‌സേഫ്റ്റി ലൈസന്‍സും എടുക്കണം.