കൽപ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍നിന്നു അനധികൃതമായി മുറിച്ച ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ വനം വകുപ്പ് നടപടി സ്റ്റേ ചെയ്ത അഡീഷണല്‍ ജില്ലാ കോടതിയുടെ ഇടക്കാല ഉത്തരവ് നീക്കുന്നതിനുള്ള സര്‍ക്കാര്‍ഭാഗം വാദം പറയല്‍ അനിശ്ചിതമായി നീളുന്നു. മരംമുറി കേസില്‍ ഉള്‍പ്പെട്ടവരുടെ ഹരജികളിലാണ് ഈട്ടിത്തടികള്‍ കണ്ടുകെട്ടിയത് 2022 ജൂണില്‍ അഡീഷണല്‍ ജില്ലാ കോടതി സ്റ്റേ ചെയ്തത്.
കേസില്‍ സര്‍ക്കാര്‍ഭാഗം വാദം പറയുന്നതിന് അഡീഷണല്‍ ഗവ.പ്ലീഡര്‍ 2022 ഒക്ടോബര്‍ 14ന് സാവകാശം ചോദിച്ചിരുന്നു. ഇതനുവദിച്ച കോടതി ഒക്ടോബര്‍ 28ന് വാദം പറയണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ഭാഗം വാദം കോടതി മുമ്പാകെ വന്നില്ല. ഇതിനു പിന്നില്‍ ആസൂത്രിത നീക്കങ്ങളാണെന്ന സംശയത്തിലാണ് പൊതുസമൂഹം. കേസ് 23ന് കോടതി പരിഗണിക്കുന്നുണ്ട്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ നിയമവിരുദ്ധമായി മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് വനം വകുപ്പ് കണ്ടുകെട്ടിയത്. കോടിക്കണക്കിനു രൂപ വിലവരുന്ന തടികള്‍ കുപ്പാടി വനം ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കണ്ടുകെട്ടിയ തടികള്‍ കര്‍ഷകരില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്ന വാദം പ്രതികള്‍ ഹരജികളിലൂടെ ഉന്നയിച്ചിരുന്നു. കസ്റ്റഡിയിലുള്ള തടികള്‍ ഹര്‍ജിക്കാര്‍ ഭൂവുടമകളില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്നു സൗത്ത് വയനാട് ഡി.എഫ്.ഒ കോടതിയെ അറിയിക്കുകയുമുണ്ടായി. തടികള്‍ ഹരജിക്കാര്‍ വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് കേസ് തീര്‍പ്പാകുന്നതുവരെ കണ്ടുകെട്ടല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തത്.
തടികള്‍ കണ്ടുകെട്ടിയതിനെതിരായ ഹരജികളെ അന്നത്തെ അഡീഷണല്‍ ഗവ.പ്ലീഡര്‍ വേണ്ടവിധം എതിര്‍ത്തിരുന്നില്ല.
കണ്ടുകെട്ടല്‍ നടപടി സ്റ്റേ ചെയ്ത കോടതി തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ് തീര്‍പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നു ജനുവരി 12ലെ ഉത്തരവില്‍ കോടതി വനം വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തടികളുടെ സംരക്ഷണത്തിനു പര്യാപ്തമായ നടപടികള്‍ ഉത്തരവാദപ്പെട്ടര്‍ സ്വീകരിച്ചില്ല. ഇതും വിവാദത്തിനു കാരണമായിട്ടുണ്ട്. മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്.