ബകു (അസർബൈജാൻ): ലോക മൂന്നാം നമ്പറുകാരൻ യു.എസിന്റെ ഫാബിയോ കരുവാനയെ അട്ടിമറിച്ച് കൗമാര ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനൽ ടൈ ബ്രേക്കറിൽ 3.5-2.5 ജയവുമായാണ് 18കാരനായ ചെന്നൈ സ്വദേശി ഫൈനലിന് ടിക്കറ്റെടുത്തത്. ബുധനാഴ്ച കലാശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നോർവേയുടെ മാഗ്നസ് കാൾസണാണ് പ്രഗ്നാനന്ദയുടെ എതിരാളി. 2024ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ കാൻഡിഡേറ്റ് ടൂർണമെന്റിനും യോഗ്യത നേടി പ്രഗ്നാനന്ദ.
സെമിയിലെ രണ്ട് ഗെയിം ക്ലാസിക്കൽ പരമ്പര 1-1ന് അവസാനിച്ചതോടെയാണ് ടൈബ്രേക്കറിലേക്കു നീണ്ടത്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ കരുവാനയെ മറികടന്ന പ്രഗ്നാനന്ദ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനുശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമായി.