തൊപ്പി എന്നറിയപ്പെടുന്ന മലപ്പുറത്തെ യു ട്യൂബര്‍ക്ക് എതിരെ പോലിസ് കേസ്. അശ്ലീല പദപ്രയോഗം നടത്തിയതിനാണ് കേസ്. ഗതാഗത തടസത്തിനും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൊലീസാണ് തൊപ്പി എന്നറിയപ്പെടുന്ന യു ട്യൂബര്‍ നിഹാദിനെതിരെ കേസേടുത്തത്.
ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. വളാഞ്ചേരിയിലെ ഒരു ജെന്‍സ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് നിഹാദ് എത്തിയത്. പരിപാടിക്കിടെയാണ് േകസിനാധാരമായ പദപ്രയോഗങ്ങള്‍ നിഹാദില്‍ നിന്നുണ്ടായത്.
അതിനിടെ വിവാദങ്ങളെ തുടര്‍ന്ന് തൊപ്പി സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമായി. കുട്ടികളും യുവാക്കളുമാണ് തൊപ്പിയുടെ ആരാധകര്‍. പെണ്‍കുട്ടികള്‍ വരെ പരസ്യമായി തൊപ്പിയെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. തൊപ്പിയുടെ തെറി വിളിയും കണ്ടന്റും ഇഷ്ടമാണെന്ന കുട്ടികളുടെ തുറന്നടിച്ചുള്ള പ്രതികരണങ്ങള്‍ സമൂഹത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
കട ഉദ്ഘാടനത്തിനിടെ തൊപ്പി പാടിയ വളിപ്പാട്ട് ഏറെ വിവാദത്തിനു വഴിവെച്ചതോടെ സമുദായ നേതാക്കളും വീട്ടുകാരും ബന്ധുക്കളും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. വീട്ടില്‍ നിന്നുവരെ കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം തൊപ്പി വീണ്ടും മാപ്പുമായി സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടു. വളി പ്രയോഗം കുറേ പേരെ വിഷമിപ്പിച്ചുവെന്നും അതില്‍ മാപ്പു ചോദിക്കുന്നുവെന്നും തൊപ്പി വീഡിയോയില്‍ പറയുന്നു. ആ വീഡിയോയില്‍ തന്നെ അവസാനം, പച്ചയായ വര്‍ഗീയത പറയുന്നതിനൊന്നും കുഴപ്പമൊന്നും ഇല്ലല്ലോയെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള കുറ്റപ്പെടുത്തലും സാമുദായിക നേതാക്കള്‍ക്കെതിരെ തൊപ്പി നടത്തിയിട്ടുണ്ട്.
അതിനിടെ തൊപ്പിക്കെതിരെ നാട്ടില്‍ നടക്കുന്ന പടയൊരുക്കം എങ്ങനെ അവസാനിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. തൊപ്പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന സൂചിപ്പിച്ചിട്ടുണ്ട്. തൊപ്പിയുടെ വീഡിയോകളും റീല്‍സുകളും സ്ത്രീ വിരുദ്ധമാണെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.