കൽപ്പറ്റ: കേരള ടൂറിസം,ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്ന് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്പ്ലാഷിന്റെ പ്രധാന പരിപാടികള്‍ ജൂലൈ 8 മുതല്‍ 15 വരെ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലായി നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനൊന്നാമത് മഴ മഹോല്‍സവമാണ് ഇത്തവണത്തേത്. ഇന്‍ഡോര്‍,ഔട്ട്‌ഡോര്‍ പരിപാടികള്‍,ബിസിനസ് മീറ്റ്,കലാസന്ധ്യ തുടങ്ങിയ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.മഡ് ഫുട്‌ബോള്‍,സൈക്ലിംഗ്,കയാക്കിംഗ്,മൗണ്ടൈന്‍ ബൈക്കിംഗ് തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുകയാണ് പ്രധാന ലക്ഷ്യം. ബിസിനസ് മീറ്റിലൂടെ റിസോര്‍ട്ട്, ഹോട്ടല്‍ ,ഹോംസ്റ്റേ ,ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസം ബ്ലോഗര്‍മാര്‍, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദ റിസോര്‍ട്ട്, പ്ലാന്റേഷന്‍ റിസോര്‍ട്ട് എന്നിവയും പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ കര്‍മ്മമേഖലയും സവിശേഷതകളും പ്രദര്‍ശിപ്പിക്കുവാനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. വിനോദസഞ്ചാര മേഖലയില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ കൈവന്ന വികസനത്തിനും ഉണര്‍വിനും വയനാട് മഴ മഹോത്സവം വലിയ പങ്കുവഹിച്ചിട്ടുണ്ടന്നും ഭാരവാഹികള്‍ പറഞ്ഞു.