കല്‍പ്പറ്റ: വയനാട്ടിലെ സിപിഎം നേതാവും നാടക നടനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന കല്‍പ്പറ്റ സിവില്‍ കൃഷ്ണ നിവാസില്‍ ടി സുരേഷ് ചന്ദ്രന്‍ (75) ഓര്‍മ്മയായി.
ശാരീരിക അവശതകളെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷ് ചന്ദ്രന്‍ വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് മരിച്ചത്. സംസ്‌കാരം ജൂണ്‍ 23ന് രാത്രി എട്ടിന് കല്‍പ്പറ്റ ഗൂഡലായിക്കുന്ന് പൊതുശ്മശാനത്തില്‍. നടന്‍ ശ്രീനിവാസന്‍ സിനിമാമോഹവുമായി ചെന്നൈക്ക് വണ്ടി കയറുമ്പോള്‍ പണം കൊടുത്തു സഹായിച്ചത് സഹപാഠിയായിരുന്ന സുരേഷ് ചന്ദ്രനായിരുന്നു. ഇക്കാര്യമാണ്, കഥ പറയുമ്പോള്‍ എന്ന സിനിമ എഴുതുമ്പോള്‍ ഓര്‍മയിലുണ്ടായിരുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു
കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ എം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ടി. സുരേഷ് ചന്ദ്രന്‍. ദീര്‍ഘകാലം സിപിഐ വയനാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു. സിപിഐ എം കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗം, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, റെയിഡ്‌കോ ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ഗീത. മക്കള്‍: സൂരജ് കൃഷ്ണന്‍ (സിനിമാതാരം), അഡ്വ. സുനിത (എറണാകുളം). മരുമക്കള്‍: ഡോ. നിഷ സൂരജ്, ബല്‍റാം മേനോന്‍ (ബിസിനസ്, എറണാകുളം). സഹോദരങ്ങള്‍: കുട്ടികൃഷ്ണന്‍, ധന്യകുമാരി. അച്ഛന്‍: തളിപ്പറമ്പ് ശക്തിപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍ നായര്‍. അമ്മ: പരേതയായ നാരായണി അമ്മ.