തിരുനെല്ലി: വയലേലകളുടെ നാട്ടില്‍ വയല്‍നാടിന്റെ തനിമ ഒട്ടും ചോരാതെ നടത്തുന്ന കമ്പളനാട്ടിക്ക് തിരുനെല്ലി അരമംഗലം പാടശേഖരത്തില്‍ അരങ്ങ് ഉണരും. രാവിലെ 9 മണി മുതല്‍ കുടുംബശ്രി മിഷന്‍ വയനാടിന്റെയും തിരുനെല്ലി സി.ഡി.എസിന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ അരമംഗലം പാടശേഖരത്തിൽ വെച്ച് കമ്പളനാട്ടി സംഘടിപ്പിച്ചു. കമ്പളനാട്ടി സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ബേബി അധ്യക്ഷത വഹിച്ചു.
വയനാടിന്റെ കാര്‍ഷിക പാരമ്പര്യവും പൈതൃകവും ഉണര്‍ത്തി നടത്തുന്ന കമ്പളനാട്ടിയില്‍ തിരുനെല്ലി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ഗ്രാമാന്തരീക്ഷത്തിലെ കുട്ടികള്‍ക്ക് മണ്‍മറഞ്ഞു പോകുന്ന കാര്‍ഷിക സ്മരണകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓരോ കമ്പളനാട്ടിയും. പരമ്പരാഗത നെല്‍വിത്തിനമായ തൊണ്ടിയിലാണ് 6 ഏക്കറോളം വരുന്ന പാടത്ത് നാട്ടിയൊരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, പി സൗമിനി, ജയന പ്രമോദ്, സായി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.