കേരളത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ തീവത്ര കൂടി

പാലക്കാട് : കര്‍ക്കടകത്തില്‍ തന്നെ വര്‍ധിച്ചു തുടങ്ങിയ ഉഷ്ണം ഒ‍ാണക്കാലത്ത് പലയിടത്തും 40 ഡിഗ്രിയേ‍ാളം എത്തിയിരിക്കുന്നു.ആകാശം തെളിഞ്ഞതേ‍ാടെ അള്‍ട്രാവയലറ്റ്(യുവി) രശ്മികളുടെ തീവ്രതയും കൂടിത്തുടങ്ങി.നാട്ടുചെ‍ാല്ല് അനുസരിച്ചുള്ള ആനത്തേ‍ാലും ഉണങ്ങുന്ന കര്‍ക്കടകത്തിലെ പത്തുവെയിലല്ല ഇത്തവണ കാണുന്നത്. മഞ്ഞുകാലത്തെന്ന ‍പോലെ പലയിടത്തും കേ‍ാട പരക്കുന്നു. വിദഗ്ധര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നിരീക്ഷണത്തിനും ഇടകെ‍ാടുക്കാത്തവിധത്തിലാണ് മാറ്റം. അടുത്തമാസം മഴ ലഭിച്ചില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയിലേക്ക് പേ‍ാകുമെന്നു അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, നിലവിലെ സൂചനകളിലെ‍ാന്നിലും മഴസാധ്യത തെളിയുന്നില്ല.കാര്‍ഷികമേഖലയില്‍ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ വ്യക്തമായി തുടങ്ങി. കാലവര്‍ഷത്തില്‍ ജലം സംഭരിച്ച്‌ പിന്നീട് സമതലങ്ങളിലേക്ക് തിരിച്ചുതരുന്ന കിഴക്കൻ മേഖലയിലാണ് ഇത്തവണ മഴക്കുറവ് രൂക്ഷമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ ജലസംഭരണിയാണ് ഈ പ്രദേശം. നിലവില്‍ ഇടുക്കിയിലാണ് മഴ തീരെക്കുറഞ്ഞത്- 63%. വയനാട്, പാലക്കാട്, കേ‍ാട്ടയം, തൃശൂര്‍, കേ‍ാഴിക്കേ‍ാട് ജില്ലകളില്‍ 50% ലധികമാണ് മഴക്കുറവ്. ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ 2,092 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട ഇടുക്കിയില്‍ കിട്ടിയത് 783.8 മില്ലീമീറ്റര്‍ മഴ. സംസ്ഥാനത്ത് ഈ മാസം ഏതാണ്ട് 10% മഴ മാത്രമാണ് കിട്ടിയത്. എല്‍നീനേ‍ാ ഇത്തവണ തീവ്രമാകുമെന്ന് മാസങ്ങള്‍ക്ക് മുൻപുതന്നെ പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞനും വിവിധ ഏജൻസികളും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *