നാടുണർന്ന രക്ഷാപ്രവർത്തനം; ആദരാഞ്ജലികളുമായി ആയിരങ്ങൾ

തലപ്പുഴ: നാടെല്ലാം ഓണാഘോഷത്തിൻ്റെ തിരക്കിലായപ്പോൾ കണ്ണോത്ത് മലയിലെ ദുരന്തം നാടിനെയെല്ലാം കണ്ണീരിലാഴ്ത്തി. ജീപ്പ് തല കീഴായാണ് മറിഞ്ഞത്. വടം കെട്ടിയും മറ്റുമാണ് മുപ്പതടി താഴ്ചയിലേക്ക് ഇറങ്ങിയത്. അപകടത്തിൻ്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാരിലൊരാൾ സംഭവം മന്ത്രി എ.കെ. ശശീന്ദ്രനോട് പങ്കുവെച്ചു. ഈ രക്ഷാപ്രവർത്തകരെയെല്ലാം മന്ത്രി അഭിനന്ദിച്ചു.
നാട്ടുകാരും വഴിയാത്രികരും ജനപ്രതിനിധികളും എല്ലാമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ദുരന്തവാർത്തയറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് പ്രദേശത്ത് ഓടിക്കൂടിയത്. ദുഷ്കരമായിരുന്നു പരിക്കേറ്റവരെ മുകളിലെത്തിക്കുന്നത്. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ വളരെ പാടുപെട്ടാണ് രക്ഷാപ്രവർത്തകർ റോഡിലെത്തിച്ചത്.
അപകടം നടന്ന സമയം മുതൽ രക്ഷാപ്രവർത്തനത്തിൻ്റെ മുൻപന്തിയിൽ തന്നെയായിരുന്നു ജനപ്രതിനിധികളുടെയും സ്ഥാനം. ഒ.ആർ കേളു എം.എൽ.എയും നടപടികൾ കാര്യക്ഷമമായി ഏകോപിപ്പിച്ചു. അപകടത്തിൽപ്പെട്ടവരെ സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതു മുതൽ മരണപ്പെട്ടവരുടെ സംസ്ക്കാര ചടങ്ങുകളിലുടനീളം ജനപ്രതിനിധികൾ പങ്കാളിയായി. ഒ.ആർ കേളു എം.എൽ.എക്ക് പുറമെ എം.എൽ.എമാരായ ടി. സിദ്ദീഖും ഐ.സി ബാലകൃഷ്ണനും മെഡിക്കൽ കോളേജ് ആശുപത്രിയിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച മക്കിമല എൽ.പി സ്കൂളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അടക്കമുള്ള ജനപ്രതിനിധികളും ദുരന്തഭൂമിയിൽ സാന്ത്വനവുമായി എത്തി. വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു.
മക്കിമല ഗവ. എൽ.പി.സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് വരെ നീണ്ടു നിന്ന പൊതുദർശനത്തിലേക്ക് വയനാടിൻ്റെ ഇതര കോണുകളിൽ നിന്നെല്ലാം ജനങ്ങൾ ഒഴുകിയെത്തിയിരുന്നു. ഇതിന് ശേഷം വീടുകളിലെത്തിച്ച മൃതദേഹങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാനും വൻ തിരക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *