വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ആറാം ക്ലാസ് പ്രവേശനം

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024 ലെ ആറാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 31 വരെ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ഫോണ്‍: 9961556816.

സഹായ ഹസ്തം പദ്ധതി; അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ഡിസംബര്‍ 15 നകം അപേക്ഷ നല്‍കണം. 10 പേര്‍ക്കാണ് സഹായം ലഭ്യമാകുക. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. കൂടുതല്‍ വിവിരങ്ങള്‍ക്ക് തൊട്ടടുത്ത അങ്കണവാടിയുമായോ ഐ.സിഡി.എസ് ഓഫീസുമായോ ജില്ലാ വനിത ശിശുവികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 04936 296362.

മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് തൊട്ടടുത്ത അങ്കണവാടിയുമായോ ഐ.സി.ഡി.എസ് ഓഫീസുമായോ ജില്ലാ വനിത ശിശുവികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 04936 296362.

ക്ഷീര കർഷകർക്ക് പരിശീലനം

ബേപ്പൂര്‍ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ 4, 5 തീയതികകളില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 1 നകം 0495 2414579 എന്ന നമ്പറിൽ രജിസ്റ്റര്‍ ചെയ്യണം.

തീറ്റപ്പുല്‍ കൃഷി പരിശീലനം

ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിയില്‍ സെപ്തംബര്‍ 7, 8 തീയതികളിലായി പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 4 നകം 0495 2414579 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.

സീറ്റൊഴിവ്

മങ്കട ഗവ. കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ ക്ലാസ്സുകളില്‍ സീറ്റ് ഒഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 5 നകം
ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 04933202135

റേഷന്‍കട ലൈസന്‍സി; അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ 2 ന്യായവില റേഷന്‍കള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് സംവരണവിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താലൂക്ക്, റേഷന്‍കട നമ്പര്‍, സ്ഥലം, വാര്‍ഡ്, സംവരണ വിഭാഗം എന്നിവ യഥാക്രമത്തില്‍ മാനന്തവാടി താലൂക്ക്, റേഷന്‍ കട നമ്പര്‍ 55, തലപ്പുഴ ടൗണ്‍, 8(വനിത), സുല്‍ത്താന്‍ബത്തേരി താലൂക്ക്, റേഷന്‍ കട നമ്പര്‍ 89, പുറ്റാട് (വനിത). അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ സെപ്തംബര്‍ 4 ന് വൈകീട്ട് 3 നകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് പരസ്യ നമ്പര്‍ ചേര്‍ക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സിവില്‍ സപ്ലൈസ് വകുപ്പിന്റെ civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04936 202273.

സ്‌ക്വാഡ് രൂപീകരിച്ചു

പൊതു അവധി ദിവസങ്ങളില്‍ ജില്ലയിലെ അനധികൃത ഖനനം, മണല്‍ കടത്ത്, തുടങ്ങിയ ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനുമായി മൂന്ന് താലൂക്കുകകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്കും അറിയിക്കാം. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്- 04936 220 296, വൈത്തിരി താലൂക്ക് ഓഫീസ് – 04936 255 229, മാനന്തവാടി താലൂക്ക് ഓഫീസ് – 04935 240 231.

Leave a Reply

Your email address will not be published. Required fields are marked *