കൽപ്പറ്റയിൽ ഓണം വാരാഘോഷം തുടങ്ങി

കൽപ്പറ്റ: സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവർ സംയുക്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൽപ്പറ്റയിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം തുടങ്ങി. ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി നിർവ്വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ ശിവരാമൻ, ഡി.ടി.പി.സി സീനിയർ മാനേജർ സി.ആർ ഹരിഹരൻ, ഡി.ടി.പി.സി മാനേജർ രതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
പൂക്കള മത്സരത്തോടെയായിരുന്നു കൽപ്പറ്റയിൽ ഓണം വാരാഘോഷം തുടങ്ങിയത്. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പൂക്കള മത്സരത്തിൽ കൽപ്പറ്റ ഗ്രാമ വികാസ് ഫാർമേഴ്സ് ക്ലബ്ബ് ഒന്നാം സ്ഥാനവും എമിലി ഹരിതഗിരി റസിഡന്റ് അസോസിയേഷൻ രണ്ടാം സ്ഥാനവും നേടി. ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. പാലക്കാട് കണ്ണൻ തോൽപ്പാവകൂത്ത് നാടൻ കലാകേന്ദ്രത്തിലെ ലക്ഷ്മണൻ പുലവറും സംഘവും അവതരിപ്പിച്ച തോൽപ്പാവകൂത്ത് കലാ ആസ്വാദകർക്ക് വേറിട്ട അനുഭവമായി. തൃശ്ശൂർ വയലി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ബാംബു മ്യൂസിക്കും കാണികൾക്ക് നവ്യാനുഭവമായി.
ടൂറിസം ക്ലബ്ബുകൾ, ടൂറിസം ഓർഗനൈസേഷനുകൾ, റസിഡന്റ് അസോസിയേഷനുകൾ, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്.
കൽപ്പറ്റയിലെ ആഘോഷപരിപാടികൾ നാളെ (വ്യാഴം) സമാപിക്കും. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും. നാളെ (വ്യാഴം) രാവിലെ 9 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്ക്കൂൾ ഗ്രൗണ്ടില്‍ വടംവലി മത്സരം, വൈകീട്ട് 4 ന് ഷൂട്ടൗട്ട് മത്സരം, 5 ന് മോഹിനിയാട്ടം, ഭരതനാട്യം, 6 ന് മ്യൂസിക്കല്‍ നൈറ്റ് എന്നിവയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *