മാനന്തവാടി: തലപ്പുഴ കണ്ണോത്ത്മല ദുരന്തത്തിന്റേയും വർദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങളുടേയും പശ്ചാത്തലത്തിൽ മാനന്തവാടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തലപ്പുഴ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടത്തിയ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ പി.വി വിശ്വാസ് അധ്യക്ഷത വഹിച്ചു. വലിയ അപകടങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശാസ്ത്രീയ മാർഗങ്ങൾ, പ്രഥമ ശുശ്രൂഷ, കൃത്രിമ ശ്വാസോച്ഛാസം നൽകുന്നത്, ഹെൽമറ്റ് അഴിച്ചു മാറ്റുന്നത്, പരിക്കുപറ്റിയവരെ എങ്ങനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാം, ജലാശയ-കിണർ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്ന വിധം, വിക്ടിം ട്രയാജ് തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തി. പി.വി വിശ്വാസ്, മിംസ് ഹോസ്പിറ്റൽ ട്രെയിനിങ് കോർഡിനേറ്റർമാരായ
എം.പി മുനീർ, ജസ്‌ലി റഹ്മാൻ, ഷിജു മണ്ണൂർ, എം. ഷംസീർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കൂടാതെ അഗ്നിരക്ഷാ പ്രവർത്തകർ ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ ജീവൻരക്ഷാ ഉപകരണങ്ങളുടേയും വാഹനങ്ങളുടേയും പ്രദർശനവും നടത്തി. തഹസീൽദാർ
എം.ജെ അഗസ്റ്റിൻ, ഇ.കെ ആഷിഫ്, കെ. സുധീഷ് തുടങ്ങിയവർ സംസാരിച്ചു.