വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഓട്ടോ പെർമിറ്റിന് അപേക്ഷിക്കാം

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ കമ്പളക്കാട് ടൗണിലെ കെൽട്രോൺ വളവിലും, കമ്പളക്കാട് ബസ് സ്റ്റാന്റിലും പുതിയ ഓട്ടോറിക്ഷ പെർമിറ്റ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പെർമിറ്റ് ആവശ്യമുള്ള കമ്പളക്കാട് പോസ്റ്റ് ഓഫീസ് പരിധിയിലുള്ള ഡ്രൈവിംഗ് ലൈസൻസുള്ള യുവതീ യുവാക്കൾക്ക് സെപ്തംബർ 4 മുതൽ 11 വരെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകാം. ഫോൺ: 04936 286693.

ഡിജിറ്റൽ ഓണാഘോഷവുമായി ലിറ്റില്‍ കൈറ്റ്സ് സ്കൂള്‍ ക്യാമ്പുകള്‍

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ സ്കൂൾ ക്യാമ്പുകൾ വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി സെപ്റ്റംബർ 1, 2, 3 തീയതികളിൽ നടക്കും. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ്‍വെയറിൽ തയ്യാറാക്കിയ റിഥം കമ്പോസര്‍ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളമൊരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഓരോ ക്യാമ്പംഗവും അസൈന്‍മെന്റ് തയ്യാറാക്കി സമര്‍പ്പിക്കും. ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച വിദ്യാര്‍ത്ഥികളെ നവംബറില്‍ നടക്കുന്ന ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും. ഉപജില്ലാ ക്യാമ്പില്‍ അനിമേഷന്‍, പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ജില്ലയിലെ 72 വിദ്യാലയങ്ങളിൽ നിന്നായി 2,260 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. 51 അധ്യാപകർക്ക് ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം നൽകി.

ലാബ് അസിസ്റ്റന്റ് നിയമനം

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി എം.എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെള്ളമുണ്ട പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോൺ നമ്പർ, ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 4 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
ഫോൺ: 04935 296562.

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വെള്ളി) ചേരിയം കൊല്ലി (രാവിലെ 10 ന്) ശാന്തിനഗർ (11 ന്), സംഘം ഓഫീസ് (11.30 ന്) ഒരളുകുന്ന് (12 ന്), വേലുക്കരക്കുന്ന് (12.30 ന്), കൊമ്മയാട് (1.30 ന്), മുണ്ടക്കുന്ന് (2 ന്), കാപ്പുംകുന്ന് (2.30 ന്), കോറിക്കുന്ന് (3 ന്) എന്നിവിടങ്ങളില്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *